ബംഗ്ലാദേശിൽ ഷോപ്പിംഗ് മാളിൽ തീപിടിത്തം; 46 മരണം
Friday, March 1, 2024 11:32 PM IST
ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ ബെയ്ലി റോഡിലെ ഷോപ്പിംഗ് മാളിലുണ്ടായ തീപിടിത്തത്തിൽ 46 പേർ മരിച്ചു. 22 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.
വ്യാഴാഴ്ച രാത്രി 9.50 ഓടെയാണ് ഏഴുനില കെട്ടിടമായ ഗ്രീൻ കോസി കോട്ടേജിൽ തീപിടിത്തമുണ്ടായത്. 75 പേരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഇവരിൽ 42 പേർ അബോധാവസ്ഥയിലായിരുന്നു. ഇന്നലെ പുലർച്ചെ രണ്ടോടെ ആരോഗ്യമന്ത്രി ഡോ. സാമന്ത ലാൽസെൻ ആണ് മാധ്യമങ്ങളോടു മരണവിവരം സ്ഥിരീകരിച്ചത്.
നിരവധി റസ്റ്റോറന്റുകളും കടകളും പ്രവർത്തിച്ചിരുന്ന ഷോപ്പിംഗ് മാളിലെ ഒന്നാംനിലയിൽ പ്രവർത്തിച്ചിരുന്ന ‘കച്ചി ഭായ്’ എന്ന പ്രശസ്തമായ റസ്റ്ററന്റിനാണ് ആദ്യം തീപിടിച്ചത്. തുടർന്ന് തൊട്ടുമുകളിലത്തെ നിലയിലുള്ള വസ്ത്രശാലയിലേക്കും അടുത്തുള്ള മറ്റൊരു റസ്റ്ററന്റിലേക്കും തീ പടരുകയായിരുന്നുവെന്ന് അഗ്നിശമനസേന അറിയിച്ചു.
തീപിടിത്തമുണ്ടായതോടെ ആളുകൾ രക്ഷപെടാനായി മുകളിലത്തെ നിലയിലേക്ക് ഓടിക്കയറിയത് അപകടത്തിന്റെ ആക്കം കൂട്ടി. ഭൂരിഭാഗം ആളുകളും കെട്ടിടത്തിൽനിന്നു ചാടിയോ പൊള്ളലേറ്റോ ശ്വാസം മുട്ടിയോ ആണ് മരിച്ചത്.
മരിച്ചവരിൽ 33 പേർ ഡിഎംസിഎച്ചിലും 10 പേർ ഷെയ്ഖ് ഹസീന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബേണ് ആൻഡ് പ്ലാസ്റ്റിക് സർജറിയിലുംവച്ചാണു മരിച്ചതെന്ന് മന്ത്രി പറഞ്ഞു. 14 പേർ ധാക്ക മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
മരിച്ചവരിൽ തിരിച്ചറിഞ്ഞ 39 പേരുടെ മൃതദേഹങ്ങളിൽ 31 എണ്ണം പോസ്റ്റ്മോർട്ടം നടത്താതെ കുടുംബങ്ങൾക്ക് വിട്ടുകൊടുത്തു.കെട്ടിടത്തിൽ ഫയർ എക്സിറ്റ് ഇല്ലായിരുന്നെന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പറഞ്ഞു.
എല്ലാ കെട്ടിടങ്ങളിലും അഗ്നിശമന ഉപകരണങ്ങൾ സ്ഥാപിക്കാനും അഗ്നിസുരക്ഷാ നടപടികൾ സ്വീകരിക്കാനും സർക്കാർ ആവർത്തിച്ച് നിർദേശം നൽകിയിട്ടുണ്ടെങ്കിലും അത് പാലിക്കപ്പെടുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
13 യൂണിറ്റ് അഗ്നിരക്ഷാ സേനയെത്തിയാണ് അഗ്നിബാധ നിയന്ത്രണവിധേയമാക്കിയത്. സുരക്ഷാ നിയമങ്ങൾ പാലിക്കാത്തതിനാൽ അപ്പാർട്ട്മെന്റ് കെട്ടിടങ്ങളിലും ഫാക്ടറി സമുച്ചയങ്ങളിലും തീപിടിത്തങ്ങൾ ബംഗ്ലാദേശിൽ സാധാരണമാണ്.
ബംഗ്ലാദേശ് ഫയർ സർവീസ് ആൻഡ് സിവിൽ ഡിഫൻസ് (എഫ്എസ്സിഡി) ഹെഡ്ക്വാർട്ടേഴ്സിന്റെ കണക്കനുസരിച്ച് 2023-ൽ രാജ്യത്തുടനീളമുള്ള 27,624 തീപിടിത്തങ്ങളിൽ 102 പേർ കൊല്ലപ്പെടുകയും 281 പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു.