ബംഗ്ലാദേശിൽ ഹസീന തുടരും ; പ്രതിപക്ഷവും ജനങ്ങളും ബഹിഷ്കരിച്ച തെരഞ്ഞെടുപ്പ്
Monday, January 8, 2024 12:00 AM IST
ധാക്ക: ബംഗ്ലാദേശിൽ പ്രതിപക്ഷത്തിനു പുറമേ ജനങ്ങളും ബഹിഷ്കരിച്ച തെരഞ്ഞെടുപ്പിൽ ഷേഖ് ഹസീന അധികാരം നിലനിർത്തുമെന്നുറപ്പിച്ചു. ഹസീന മൊത്തത്തിൽ അഞ്ചാം തവണയും തുടർച്ചയായി നാലാം തവണയുമാണ് പ്രധാനമന്ത്രിയാകുന്നത്.
ഇന്നലെ രാവിലെ എട്ടിനാരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരമായപ്പോഴേക്കും 40 ശതമാനമായിരുന്നു പോളിംഗ് നിരക്ക്. നാലിനു വോട്ടെടുപ്പ് അവസാനിച്ചു. 2018ലെ പൊതു തെരഞ്ഞെടുപ്പിൽ 80 ശതമാനത്തിലധികം പോളിംഗുണ്ടായിരുന്നു.
വോട്ടെണ്ണലിൽ ഹസീനയുടെ അവാമി ലീഗ് മുന്നിലെത്തുമെന്നാണു സ്വതന്ത്ര നിരീക്ഷകരുടെ അഭിപ്രായം. എഴുപത്താറുകാരിയായ ഹസീന വികസനകാര്യങ്ങളിൽ മുന്നിലാണെങ്കിലും ഏകാധിപത്യപ്രവണത കാട്ടുന്നതായി ആരോപണമുണ്ട്. മുഖ്യപ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണൽ പാർട്ടി(ബിഎൻപി)യെ തീവ്രവാദസംഘടനയായി മുദ്രകുത്തി നേതാക്കളെ അറസ്റ്റ് ചെയ്തു.
ബിഎൻപിയുടെ പരമോന്നത നേതാവ് താരിഖ് റഹ്മാൻ ബ്രിട്ടനിൽ സ്വയം പ്രവാസത്തിലാണ്. തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച ബിഎൻപി വോട്ടെടുപ്പിനോടനുബന്ധിച്ച് രണ്ടു ദിവസം പൊതു പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്.
പാർലമെന്റിലെ 300 സീറ്റുകളിലേക്കായിരുന്നു മത്സരം. 436 സ്വതന്ത്രർ മത്സരിക്കാനുണ്ടായിരുന്നു. തെരഞ്ഞെടുപ്പിനു വിശ്വാസ്യതവരുത്താൻ അവാമി ലീഗ്തന്നെയാണു സ്വതന്ത്രരെ നിർത്തിയതെന്നു ബിഎൻപി ആരോപിക്കുന്നു.
ബംഗ്ലാദേശ് സ്ഥാപകൻ മുജീബുർ റഹ്മാന്റെ മകളായ ഷേക്ക് ഹസീന 1996 മുതൽ 2001 വരെയും 2009 മുതലിങ്ങോട്ടും പ്രധാനമന്ത്രിയാണ്.