കിമ്മിന്റെ അനന്തരാവകാശി മകൾ ജുഎ
Friday, January 5, 2024 11:47 PM IST
സീയൂൾ: ഉത്തരകൊറിയയിൽ കിം ജോംഗ് ഉന്നിന്റെ രണ്ടാമത്തെ മകൾ കിം ജുഎ അനന്തരാവകാശിയാകാൻ എല്ലാ സാധ്യതയുമുണ്ടെന്ന് ദക്ഷിണകൊറിയൻ ചാരസംഘടനയായ നാഷണൽ ഇന്റലിജൻസ് സർവീസ്.
പത്തുവയസ് മാത്രം പ്രായമുള്ള മകളെ കിം കൂടെക്കൂടെ പൊതുപരിപാടികളിൽ ഉൾപ്പെടുത്തുന്നതിനു കാരണം ഇതാണെന്ന് ഏജൻസി അനുമാനിക്കുന്നു.
2022 നവംബറിലാണ് കിം ആദ്യമായി മകളെ പുറംലോകത്തെത്തിച്ചത്. തുടർന്നിങ്ങോട്ട് ഉത്തരകൊറിയയുടെ പ്രധാന സൈനിക, പാർട്ടി പാരിപാടികളിൽ കിമ്മിനൊപ്പം മകളും പങ്കെടുക്കുന്നുണ്ട്. ഡിസംബറിൽ അത്യാധുനിക ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതിനും നവംബറിൽ ചാര ഉപഗ്രഹം വിക്ഷേപിച്ചതിനും കിമ്മിനൊപ്പം മകളും സാക്ഷ്യംവഹിച്ചിരുന്നു.
ഉത്തരകൊറിയയ്ക്കുമേൽ മകളുടെ അധികാരം അരക്കിട്ടുറപ്പിക്കാനാണ് ചെറുപ്രായത്തിൽ തന്നെ പൊതുവേദികളിൽ ഒപ്പം കൂട്ടുന്നതെന്നും അനുമാനിക്കപ്പെടുന്നു.
ഉത്തരകൊറിയയിൽ ഇപ്പോൾ കിമ്മിന്റെ മകളെ ‘ബഹുമാന്യ പുത്രി’ എന്നാണ് അഭിസംബോധന ചെയ്യുന്നത്. നേരത്തേ കിം അധികാരം ഏറ്റെടുക്കുമെന്ന് ഉറപ്പിച്ചതിനു പിന്നാലെ ഉത്തരകൊറിയക്കാർ അദ്ദേഹത്തെ ‘ബഹുമാന്യ സഖാവ്’ എന്ന് അഭിസംബോധന ചെയ്തിരുന്നു.