ഇസ്രേലി ആക്രമണത്തിൽ ഇറേനിയൻ കമാൻഡർ കൊല്ലപ്പെട്ടു
Wednesday, December 27, 2023 12:21 AM IST
ടെഹ്റാൻ: ഇസ്രേലി സേന സിറിയയിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാനിലെ വിപ്ലവഗാർഡിന്റെ മുതിർന്ന കമാൻഡർ സയ്യദ് റാസി മൂസാവി കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
ഡമാസ്കസിനു തെക്കുകിഴക്ക് സയ്യിദാ സൈനബിലായിരുന്നു ആക്രമണമെന്ന് ഇറേനിയൻ മാധ്യമങ്ങൾ അറിയിച്ചു. ഇസ്രയേൽ കനത്ത വില നല്കേണ്ടിവരുമെന്നു വിപ്ലവഗാർഡ് ഭീഷണി മുഴക്കി.
2020ൽ യുഎസ് വധിച്ച വിപ്ലവഗാർഡ് കമാൻഡർ ഖാസ്വം സുലൈമാനിയുടെ സഹായി ആയിരുന്നു കൊല്ലപ്പെട്ട റാസി മൂസാവി. സിറിയയും ഇറാനും തമ്മിലുള്ള ബന്ധത്തിൽ മൂസാവി സുപ്രധാന പങ്കുവഹിച്ചിരുന്നു.
സിറിയൻ അഭ്യന്തരയുദ്ധത്തിൽ പ്രസിഡന്റ് അസാദ് വിജയിച്ചത് ഇറാന്റെയും റഷ്യയുടെയും പിന്തുണയോടെയാണ്. ഇറേനിയൻ സേന വർഷങ്ങളായി സിറിയയിലുണ്ട്. ഇറേനിയൻ സേനയെ ലക്ഷ്യമിട്ട് ഇസ്രയേൽ കൂടെക്കൂടെ ആക്രമണം നടത്താറുണ്ട്. ഹമാസിനെതിരായ യുദ്ധം തുടങ്ങിയശേഷം ആക്രമണങ്ങളുടെ തോത് വർധിച്ചിട്ടുണ്ട്.