ക്രിസ്മസ് ആഘോഷം ലളിതമായിരിക്കണം: മാർപാപ്പ
Monday, December 25, 2023 12:35 AM IST
വത്തിക്കാൻ സിറ്റി: വിശ്വാസികൾ ക്രിസ്മസ് ആഘോഷത്തിൽ ഉപഭോഗതൃഷ്ണ ഒഴിവാക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. ഒന്നും പാഴാക്കാതെ, ആവശ്യക്കാർക്കായി എല്ലാം പങ്കുവച്ച് യേശുവിന്റെ ജനനം ആഘോഷിക്കണമെന്ന് ഇന്നലെ ത്രികാലജപ പ്രാർഥനയ്ക്കിടെ മാർപാപ്പ നിർദേശിച്ചു.
യുദ്ധത്തിന്റെ കെടുതികൾ നേരിടുന്ന സഹോദരീസഹോദരങ്ങളെ മാർപാപ്പ പ്രത്യേകം സ്മരിച്ചു. പലസ്തീനും ഇസ്രയേലും യുക്രെയ്നും നമ്മുടെ ചിന്തകളിലുണ്ട്. ദുരിതവും പട്ടിണിയും അടിമത്തവും നേരിടുന്ന എല്ലാവരെക്കുറിച്ചും നമ്മൾ ചിന്തിക്കുന്നു.
ക്രൈസ്തവർ പ്രാർഥനയിലും മിതവ്യയത്തിലും വേണം ക്രിസ്മസ് ആഘോഷിക്കേണ്ടത്. ആഘോഷങ്ങൾ ഉപഭോഗത്തിനുള്ള അവസരങ്ങളല്ല. ആഘോഷങ്ങളിൽ ലാളിത്യമുണ്ടാകണം. ഒന്നും പാഴാക്കിക്കളയരുത്.
സ്വയം മനുഷ്യഹൃദയം സ്വീകരിച്ച ദൈവം മനുഷ്യരുടെ ഹൃദയങ്ങളിൽ മനുഷ്യത്വം നിറയ്ക്കട്ടെ. എല്ലാവർക്കും ക്രിസ്മസ് ആശംസകൾ നേർന്ന മാർപാപ്പ തനിക്കുവേണ്ടി പ്രാർഥിക്കാൻ മറക്കരുതെന്ന് വിശ്വാസികളോട് അഭ്യർഥിച്ചു.