പെൻഷൻ പ്രായമുയർത്തൽ: ഫ്രാൻസിൽ തൊഴിലാളി സമരം
Friday, March 24, 2023 1:06 AM IST
പാരീസ്: ഫ്രാൻസിൽ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടത്തിയ തൊഴിൽസമരത്തിൽ വ്യാഴാഴ്ച രാജ്യം സ്തംഭിച്ചു; ഗതാഗതം തടസപ്പെട്ടു. പാർലമെന്റിന്റെ അംഗീകാരം തേടാതെ വിരമിക്കൽ പ്രായം ഉയർത്തിയ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നടപടിയെത്തുടർന്നാണ് ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്.
പാരീസ്, മാർസേയി, ലിയോൺ, നോന്ത് എന്നിവ ഉൾപ്പെടെ 250 നഗരങ്ങളിൽ പ്രതിഷേധപ്രകടനങ്ങൾ നടത്തി. പ്രക്ഷോഭകാരികൾ റെയിൽവേ സ്റ്റേഷനും പാരീസിലെ ചാൾസ് ഡി ഗോൾ വിമാനത്താവളവും റിഫൈനറികളും മെട്രോ സ്റ്റേഷനുകളും ഉപരോധിച്ചു. പാരീസിലെ ഓർലി വിമാനത്താവളത്തിൽനിന്നുള്ള 30 ശതമാനം സർവീസുകളും റദ്ദാക്കി.
സമരത്തെത്തുടർന്ന് ഈഫൽ ടവറും വേർസെല്ലി കൊട്ടാരവും അടച്ചിട്ടു. ഫ്രാൻസിലെ പ്രധാനപ്പെട്ട എട്ട് ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ജനുവരി മുതൽ നടത്തിവരുന്ന പ്രക്ഷോഭങ്ങളുടെ ഒന്പതാം വട്ട പ്രതിഷേധമാണു വ്യാഴാഴ്ച അരങ്ങേറിയത്. ഈ വർഷം അവസാനത്തോടെ വിരമിക്കൽ പ്രായം 62 ൽനിന്ന് 64 ലേക്ക് ഉയർത്തുമെന്ന് ബുധനാഴ്ച മാക്രോൺ പ്രഖ്യാപിച്ചിരുന്നു.
പൊതുഗതാഗത വിഭാഗത്തിലെ ഭൂരിഭാഗം ജീവനക്കാരും സമരത്തിൽ പങ്കെടുത്തു. അധ്യാപകരും പണിമുടക്കി. സ്വന്തം തീരുമാനങ്ങൾ ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്ന നയമാണ് മാക്രോൺ സ്വീകരിക്കുന്നതെന്നു പ്രതിപക്ഷ കക്ഷികൾ ആരോപിച്ചു.
ഫ്രഞ്ച് ഭരണഘടനാ കൗൺസിലിന്റെ പരിഗണനയിലുള്ള വിരമിക്കൽ പ്രായമുയർത്തൽ ബിൽ നിയമമായിട്ടില്ല. തിങ്കളാഴ്ച പാർലമെന്റിൽ രണ്ട് അവിശ്വാസപ്രമേയത്തെ മാക്രോൺ അതിജീവിച്ചിരുന്നു.