തായ്ലൻഡിൽ രാജവാഴ്ചയെ വിമർശിച്ച യുവാവിന് 28 വർഷം തടവ്
Saturday, January 28, 2023 1:10 AM IST
ബാങ്കോക്ക്: തായ്ലൻഡിൽ രാജവാഴ്ചയെ വിമർശിച്ച് ഇന്റർനെറ്റിൽ പോസ്റ്റിട്ട യുവാവിന് 28 വർഷം തടവുശിക്ഷ. 29 വയസുള്ള മങ്കോൾ ടിരാക്കോട് ആണ് വടക്കൻ നഗരമായ ചിയാംഗ് റായിയിൽ ശിക്ഷിക്കപ്പെട്ടത്. ഓൺലൈൻ വസ്ത്രവ്യാപാരം നടത്തുന്ന ഇദ്ദേഹം മനുഷ്യാവകാശ പ്രവർത്തകൻകൂടിയാണ്.
രണ്ടു കേസുകളിലാണ് ശിക്ഷ. കോടതി 42 വർഷം തടവാണ് ആദ്യം വിധിച്ചതെങ്കിലും പിന്നീട് 28 വർഷമായി ചുരുക്കുകയായിരുന്നു.
രാജകുടുംബത്തിന് വലിയ നിയമസംരക്ഷണമുള്ള രാജ്യമാണ് തായ്ലൻഡ്. വിമർശനങ്ങൾ നിയമം മൂലം വിലക്കിയിട്ടുണ്ട്. ജനാധിപത്യവാദികളെ കുടുക്കാൻ ഇത്തരം നിയമങ്ങൾ ഉപയോഗിക്കുന്നതായി ആരോപിക്കപ്പെടുന്നു.
രാജകുടുംബത്തെ വിമർശിച്ച കേസിൽ ലഭിക്കുന്ന രണ്ടാമത്തെ വലിയ ശിക്ഷയാണ് ഇതെന്നു മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടി. 2021ൽ ഒരു വനിതയ്ക്ക് കോടതി 43 വർഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു.