ദക്ഷിണകൊറിയൻ സിനിമ കണ്ടതിന് ഉത്തരകൊറിയയിൽ വിദ്യാർഥികൾക്കു വധശിക്ഷ
Tuesday, December 6, 2022 10:32 PM IST
സീയൂൾ: അമേരിക്കയിലെയും ദക്ഷിണകൊറിയയിലെയും സിനിമകൾ കണ്ടതിന്റെ പേരിൽ ഉത്തരകൊറിയയിൽ രണ്ടു വിദ്യാർഥികളെ വധശിക്ഷയ്ക്കു വിധേയമാക്കിയതായി റിപ്പോർട്ട്. 16, 17 വയസുള്ള രണ്ട് ആൺകുട്ടിളെയാണു വധിച്ചത്.
ഒക്ടോബറിൽ നടന്ന സംഭവം ഇപ്പോഴാണ് പുറംലോകമറിയുന്നതെന്ന് ഇൻഡിപെൻഡന്റ്, മിറർ വെബ്സൈറ്റുകളിലെ റിപ്പോർട്ടിൽ പറയുന്നു.
ദക്ഷിണകൊറിയൻ സിനിമകൾ കാണുന്നതിനും കൈമാറ്റം ചെയ്യുന്നതിനും ഉത്തരകൊറിയയിൽ കർശന വിലക്കുണ്ട്.
റയാൻഗാംഗ് പ്രവിശ്യയിലെ സ്കൂളിൽ പഠിച്ചിരുന്ന വിദ്യാർഥികൾ രഹസ്യമായി സിനിമകൾ കാണുകയായിരുന്നുവത്രേ. ഇവിടുത്തെ എയർഫീൽഡിൽ പ്രദേശവാസികളുടെ മുന്നിൽവച്ചാണ് വധശിക്ഷ നടപ്പാക്കിയത്. പൈശാചികമായ കുറ്റകൃത്യത്തിൽ ഏർപ്പെട്ടതുകൊണ്ടാണ് പരസ്യ വധശിക്ഷ നല്കിയതെന്ന് ഉത്തരകൊറിയൻ സർക്കാർവൃത്തങ്ങൾ പറഞ്ഞതായും റിപ്പോർട്ടിലുണ്ട്.