സ്പെയിനിൽ വീണ്ടും ലെറ്റർ ബോംബ്
Thursday, December 1, 2022 11:50 PM IST
മാഡ്രിഡ്: മാഡ്രിഡിലെ യുക്രെയ്ൻ എംബസിയിൽ ലെറ്റർ ബോംബ് പൊട്ടിത്തെറിച്ചതിനു പിന്നാലെ, സ്പെയിനിൽ വിവിധ ഇടങ്ങളിൽ പാഴ്സൽ സ്ഫോടകവസ്തു കണ്ടെത്തി.
മാഡ്രിഡിനു പുറത്തുള്ള എയർബേസിലും ആയുധഫാക്ടറിയിലുമാണുപാഴ്സൽ ബോംബ് ലഭിച്ചത്. ട്രോജൻ ദെ ആർഡോസ് ബേസിൽ പാഴ്സൽ ബോംബ് കണ്ടെത്തിയ സംഭവത്തിൽ സ്പാനീഷ് പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം യുക്രെയ്ൻ എംബസിയിൽ ലെറ്റർ ബോംബ് പൊട്ടിത്തെറിക്കുകയും എംബസി ജീവനക്കാരനു പരിക്കേൽക്കുകയും ചെയ്തിരുന്നു.
വടക്കൻ നഗരമായ സരഗോസയിലെ ആയുധ ഫാക്ടറിയിൽ ബുധനാഴ്ച വൈകുന്നേരം സ്ഫോടകവസ്തു അടങ്ങിയ പാഴ്സൽ ലഭിച്ചതായി സർക്കാർവൃത്തങ്ങൾ അറിയിച്ചു. യുക്രെയ്ൻ സൈന്യത്തിനായി ഗ്രനേഡ് ലോഞ്ചറുകൾ നിർമിക്കുന്നത് ഈ ഫാക്ടറിയിലാണ്. പോലീസ് സ്ഫോടകവസ്തു നിർവീര്യമാക്കി. സരഗോസയിലും യുക്രെയ്ൻ എംബസിയിലും ലഭിച്ച ബോംബുകൾ ഒരേ സ്ഥലത്തുനിന്നാണ് അയച്ചിരിക്കുന്നത്.
യുക്രെയ്ൻ അംബസഡറുടെ പേരിൽ ലഭിച്ച കത്ത് തുറന്നു പരിശോധിച്ചപ്പോഴാണ് എംബസിയിൽ സ്ഫോടനമുണ്ടായത്. എംബസിയിലെ സ്ഫോടനത്തെത്തുടർന്ന് യുക്രെയ്ന്റെ എല്ലാ എംബസികളിലും സുരക്ഷ വർധിപ്പിക്കാൻ യുക്രെയ്ൻ വിദേശകാര്യമന്ത്രി ദിമിത്രി കുലേബ നിർദേശം നൽകി.
ഇതിനിടെ, സ്പാനിഷ് പ്രധാനമന്ത്രി പെദ്രോ സാഞ്ചെസിന് നവംബർ 24 ന് സാധാരണ തപാലിൽ ലെറ്റർ ബോംബ് ലഭിച്ചതായി അധികൃതർ വെളിപ്പെടുത്തി. ബോംബ് സ്ക്വാഡാണ് ഇതു നിർവീര്യമാക്കിയത്. ഒരാഴ്ചയ്ക്കുള്ളിൽ അഞ്ചു ലെറ്റർ ബോംബുകൾ രാജ്യത്തെ വിവിധയിടങ്ങളിൽ തപാലിൽ ലഭിച്ചതായി അന്വേഷണസംഘം വെളിപ്പെടുത്തി.