ജസീന്ത ആർഡേണിന്റെ ജനപ്രീതിയിൽ ഇടിവ്
Saturday, January 29, 2022 12:01 AM IST
വെല്ലിംഗ്ടൺ: ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേണിന്റെ ജനപ്രീതിയിൽ വൻ ഇടിവ്. 2017 ൽ ന്യൂസിലൻഡ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം ആദ്യമായാണ് ജസീന്തയുടെ ജനപ്രീതി 35 ശതമാനത്തിലേക്കു താണത്. കോവിഡ് മഹാമാരിയെ നേരിട്ട രീതിയും സാന്പത്തിക രംഗത്തുണ്ടായ മുരടിപ്പുമാണ് അഭിപ്രായ സർവേയിൽ ജനപ്രീതി ഇടിയാൻ കാരണം.
2019 ൽ ആർഡേണിന്റെ ജനപ്രീതി 36 ശതമാനവും 2020 ൽ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് 63 ശതമാനവുമായിരുന്നു. കോവിഡ് മഹാമാരിയുടെ തുടക്കസമയത്ത് ന്യൂസിലാൻഡ് രോഗത്തെ ഫലപ്രദമായി നേരിട്ടിരുന്നു.
ഡെൽറ്റ, ഒമിക്രോണ്‍ വകഭേദങ്ങളെ വേണ്ട രീതിയിൽ പ്രതിരോധിക്കാൻ രാജ്യത്തിനായില്ല. ഇതും ആർഡേണിന്റെ ജനപ്രീതി ഇടിയുന്നതിന് കാരണമായി. മൂന്നു വർഷം കൂടുന്പോൾ പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന ന്യൂസിലൻഡിൽ 2023ൽ ആണ് അടുത്ത തെരഞ്ഞെടുപ്പ്.