പശ്ചിമേഷ്യയിലെ പാത്രിയർക്കീസുമാർ മാർപാപ്പയെ കണ്ടു
Tuesday, February 11, 2020 12:24 AM IST
വത്തിക്കാൻസിറ്റി: പശ്ചിമേഷ്യയിലെ ക്രൈസ്തവർ നേരിടുന്ന ദുരിതങ്ങളെപ്പറ്റി ആ മേഖലയിലെ ആറു പാത്രിയർക്കീസുമാർ ഫ്രാൻസിസ് മാർപാപ്പയുമായി ചർച്ച നടത്തി. ക്രൈസ്തവർ കൂട്ടപലായനം നടത്തുകയാണെന്നു സഭാമേലധ്യക്ഷന്മാർ മാർപാപ്പയോടു പറഞ്ഞു.
ബാബിലോണിലെ കൽദായ പാത്രിയർക്കീസ് കർദിനാൾ ലൂയിസ് റാഫേൽ സാകോ, അന്ത്യോക്യയിലെ മാറോണൈറ്റ് പാത്രിയർക്കീസ് കർദിനാൾ ബിഷാര ബൂട്രസ് റായി, അലക്സാൻഡ്രിയയിലെ കോപ്റ്റിക് പാത്രിയർക്കീസ് ഇബ്രാഹിം ഇസാക് സെഡ്രാക്, അന്ത്യോക്യയിലെ മെൽക്കൈറ്റ് പാത്രിയർക്കീസ് യൂസഫ് അബ്സി, സിലീഷ്യയിലെ അർമേനിയൻ പാത്രിയർക്കീസ് ഗ്രിഗ്വാർ പിയർഗബ്രോയൽ, അന്ത്യോക്യയിലെ സിറിയൻ പാത്രിയർക്കീസ് ഇഗ്നാത്തിയൂസ് യൂസഫ് യൂനാൻ എന്നിവരാണു മാർപാപ്പയെ കണ്ടത്.