ആദ്യ ആണവോർജ കപ്പൽ ഈ വർഷം പ്രവർത്തനസജ്ജമാകും
Saturday, September 21, 2019 10:54 PM IST
മോസ്കോ: ആണവോർജ ശേ ഷിയുള്ള കപ്പലായ അക്കാഡമിക് ലോമോനോസോവ് അതിന്റെ സ്ഥിരകേന്ദ്രമായ റഷ്യയിലെ ചുകോറ്റ്കയിലുള്ള പേവെകിലെത്തി. 144 മീറ്റർ നീളവും 30 മീറ്റർ വീതിയുമാണ് ഈ കപ്പലിനുള്ളത്. ഈ വർഷം അവസാനം ഇതു പ്രവർത്തനം തുടങ്ങുന്നതോടെ ചെറിയ മോഡുലർ റിയാക്ടർ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ആദ്യത്തെ ആണവോർജ ശേ ഷിയുള്ള കപ്പലായി മാറും അക്കാഡമിക് ലോമോനോസോവ്.
വൈദ്യുതി ഉത്പാദനരംഗത്തു പ്രവർത്തിക്കുന്ന റഷ്യയിലെ ഏറ്റവും വലിയ കന്പനിയായ റൊസാറ്റം രൂപകൽപന ചെയ്ത ആദ്യ ആണവോർജ കപ്പലാണിത്. ഇതൊരു ചെറിയ ചുവടുവയ്പാണെങ്കിലും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കാർബണ്‍ നീക്കിക്കളയുന്ന പ്രക്രിയയെ സംബന്ധിച്ചിടത്തോളം വലിയ ചുവടുവയ്പാണെന്നു റൊസാറ്റം സിഇഒ അലക്സി ലിഖാച്ചേവ് പറഞ്ഞു.
ഒറ്റപ്പെട്ട പ്രദേശങ്ങളിലെ വൈദ്യുതാവശ്യങ്ങൾക്കു വേണ്ടി ചെറിയ റിയാക്ടറുകളുടെ ഒരു പരന്പരതന്നെ നിർമിക്കുന്നതോടെ ഡീസലിനേക്കാൾ കുറഞ്ഞ ചെലവിൽ വൈദ്യുതി ഉത്പാദിപ്പിക്കുക വഴി പണം ലാഭിക്കാനും അപകടകരമായ പുറംതള്ളലുകൾ ഒഴിവാക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഈ പദ്ധതിയെ ശാസ്ത്രജ്ഞരും ആണവോർജ രംഗത്തെ പ്രമുഖരും പരിസ്ഥിതി വിദഗ്ധരും സ്വാഗതം ചെയ്തിട്ടുണ്ട്. പതിനെട്ടാം നൂറ്റാണ്ടിലെ പ്രമുഖ റഷ്യൻ ശാസ്ത്രജ്ഞനായ മിഖായേൽ ലോമോനോസോവിന്റെ പേരാണ് റൊസാറ്റം ആണവോർജ കപ്പലിനിട്ടിരിക്കുന്നത്.