ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് കളമൊരുങ്ങി
Wednesday, July 23, 2025 3:03 AM IST
ന്യൂഡൽഹി: ജഗ്ദീപ് ധൻകർ രാജിവച്ചതോടെ ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് കളമൊരുങ്ങി. ഭരണഘടനയുടെ ആർട്ടിക്കിൾ 68ലെ ക്ലോസ് 2 അനുസരിച്ച് ഏതെങ്കിലും കാരണത്താൽ ഉപരാഷ്ട്രപതി സ്ഥാനമൊഴിഞ്ഞാൽ എത്രയും വേഗം തെരഞ്ഞടുപ്പ് നടത്തേണ്ടതുണ്ട്.
ഭരണഘടനയുടെ ആർട്ടിക്കിൾ 66 അനുസരിച്ച് പാർലമെന്റിലെ ഇരുസഭകളിലെയും അംഗങ്ങളടങ്ങുന്ന ഇലക്ടറൽ കോളജാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. ആനുപാതിക പ്രാതിനിധ്യ വോട്ടിംഗ് സന്പ്രദായത്തിലൂടെയുള്ള തെരഞ്ഞെടുപ്പാണിത്.
രാഷ്ട്രപതി നാമനിർദേശം ചെയ്തതുൾപ്പെടെ ഇരുസഭകളിലുമായി 788 എംപിമാരാണ് ഇലക്ടറൽ കോളജിലുള്ളത്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് പാർട്ടി വിപ്പ് ബാധകമല്ലാത്തതിനാൽ ഇലക്ടറൽ കോളജ് അംഗങ്ങൾക്കു രഹസ്യ ബാലറ്റിലൂടെ ആർക്കു വേണമെങ്കിലും വോട്ട് ചെയ്യാം.
ഉപരാഷ്ട്രപതിയുടെ രാജി സ്വീകരിച്ച് 60 ദിവസത്തിനുള്ളിൽ പുതിയയാളെ തെരഞ്ഞെടുക്കണം. ഇതിനായി കേന്ദ്ര സർക്കാരുമായി കൂടിയാലോചിച്ച് തെരഞ്ഞെടുപ്പു കമ്മീഷൻ തീയതി പ്രഖ്യാപിക്കും. വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞാൽ യോഗ്യരായവർക്കു നാമനിർദേശം നൽകാൻ സാധിക്കും.
കീഴ്വഴക്കമനുസരിച്ചു ലോക്സഭയുടെയോ രാജ്യസഭയുടെയോ സെക്രട്ടറി ജനറലിനെ റൊട്ടേഷൻ പ്രകാരം റിട്ടേണിംഗ് ഓഫീസറായി നിയമിക്കും. കൂടാതെ ലോക്സഭയുടെയോ രാജ്യസഭയുടെയോ സെക്രട്ടേറിയറ്റുകളിലെ മറ്റു രണ്ട് മുതിർന്ന ഉദ്യോഗസ്ഥരെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാരായി നിയമിക്കുന്നു.
അവരായിരിക്കും തെരഞ്ഞെടുപ്പു നടപടിക്രമങ്ങൾ നിയന്ത്രിക്കുന്നത്. രേഖപ്പെടുത്തിയ സാധുവായ വോട്ടുകളുടെ പകുതി വോട്ടിൽനിന്നും ഒരു വോട്ടുകൂടി അധികം ലഭിക്കുന്നയാളായിരിക്കും വിജയിക്കുക.