ഉപരാഷ്ട്രപതി പദവി: സാധ്യതാപട്ടികയിൽ നിരവധി പേർ
Wednesday, July 23, 2025 3:03 AM IST
ന്യൂഡൽഹി: ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതി സ്ഥാനം ഒഴിഞ്ഞതോടെ ആ സ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്ന പേരുകൾ നിരവധിയാണ്.
ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ, കോണ്ഗ്രസ് നേതൃത്വവുമായി രസത്തിലല്ലാത്ത ശശി തരൂർ, ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ, കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി തുടങ്ങിയവരുടെ പേരുകളാണ് ഇതിൽ സജീവം. രാജ്യസഭ ഉപാധ്യക്ഷനും ബിഹാറിൽനിന്നുള്ള ജെഡിയു നേതാവുമായ ഹരിവംശ് സിംഗിന്റെ പേരും മുൻഗണനാ പട്ടികയിലുണ്ട്.
ഉപരാഷ്ട്രപതിയെ കണ്ടെത്തുന്നതിൽ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഒരു ഘടകമാകുമെന്ന റിപ്പോർട്ടുകളുണ്ട്. ഇതോടൊപ്പം സംസ്ഥാന ഗവർണർപദവി അലങ്കരിച്ച പ്രമുഖ വ്യക്തിത്വങ്ങളെയും ബിജെപി പരിഗണിച്ചേക്കും.
രാഷ്ട്രപതി ദളിത് വിഭാഗത്തിൽനിന്നുള്ള വനിതയായതിനാൽ ഈ വിഭാഗത്തിൽനിന്നുള്ളവരെ ഉപരാഷ്ട്രപതി സ്ഥാനത്തേക്കു പരിഗണിക്കാൻ സാധ്യത കുറവാണ്. ഒബിസി അല്ലെങ്കിൽ സവർണ വിഭാഗത്തിൽപ്പെട്ടവരെയായിരിക്കും പരിഗണിക്കാൻ സാധ്യത. ആർഎസ്എസിന്റെ താത്പര്യവും പരിഗണിക്കും.
പുതിയ ബിജെപി ദേശീയ അധ്യക്ഷന്റെ തെരഞ്ഞെടുപ്പും മുന്നോട്ടുനീളുകയാണ്. ഇക്കാര്യത്തിലും പാർട്ടിക്കു വൈകാതെ തീരുമാനമെടുക്കേണ്ടതുണ്ട്. ഇവ രണ്ടും സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പേരായിരിക്കും ഉപരാഷ്ട്രപതിസ്ഥാനത്തേക്ക് നിർദേശിക്കുക.
നിലവിലെ സാഹചര്യത്തിൽ പാർലമെന്റ് സമ്മേളനം പൂർത്തിയായി ഓഗസ്റ്റ് 21ന് ശേഷം ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടത്താനാണു സാധ്യത.
പാർലമെന്റ് സമ്മേളനം അവസാനിക്കുന്നതിനുമുന്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചേക്കും. ഉപരാഷ്ട്രപതി സ്ഥാനം ഒഴിഞ്ഞതിനുശേഷം രണ്ടു മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നാണു ചട്ടം.
2022ൽ ധൻകറിനെ തെരഞ്ഞെടുക്കുന്പോൾ വിജ്ഞാപനമിറക്കി ഒരു മാസത്തിനുശേഷമാണ് തെരഞ്ഞടുപ്പ് നടന്നത്.