ഭീകരാക്രമണം, സമഗ്ര വോട്ടർ പരിശോധന ; പാർലമെന്റ് വീണ്ടും സ്തംഭിച്ചു
Wednesday, July 23, 2025 3:03 AM IST
ന്യൂഡൽഹി: ബിഹാറിലെ സമഗ്ര വോട്ടർ പരിശോധനയിലും പഹൽഗാം ഭീകരാക്രമണത്തിലും ചർച്ച ആവശ്യപ്പെട്ടു പ്രതിപക്ഷം ബഹളം വച്ചതോടെ വർഷകാലസമ്മേളനത്തിന്റെ തുടർച്ചയായ രണ്ടാംദിവസവും പാർലമെന്റ് സ്തംഭിച്ചു.
ജഗ്ദീപ് ധൻകർ ഒഴിഞ്ഞിട്ട രാജ്യസഭാധ്യക്ഷന്റെ കസേരയും ഇന്ത്യ മുന്നണിയുടെ പാർലമെന്റ് വളപ്പിലെ പ്രതിഷേധവുമായിരുന്നു രണ്ടാം ദിവസത്തിലെ പ്രധാന സവിശേഷതകൾ.
ബിഹാറിലെ സമഗ്ര വോട്ടർ പരിശോധന ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷാംഗങ്ങളുടെ മുദ്രാവാക്യംവിളികളാണു സഭ പ്രക്ഷുബ്ധമാകുന്നതിലേക്കു നയിച്ചത്. പ്രതിഷേധങ്ങൾ ശക്തമായതോടെ പലതവണ നിർത്തിവച്ചു സമ്മേളിച്ചെങ്കിലും സഭാനടപടികൾ പുനരാരംഭിക്കാൻ കഴിഞ്ഞില്ല. ഇതിനിടെ ബിഹാറിലെ സമഗ്ര വോട്ടർ പരിശോധന നിർത്തലാക്കണമെന്നാവശ്യപ്പെട്ടു ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവുമടങ്ങുന്ന ഇന്ത്യ മുന്നണി നേതാക്കൾ പാർലമെന്റ് വളപ്പിലെ മകർ ദ്വാറിനു മുന്നിൽ പ്രതിഷേധിക്കുകയും ചെയ്തു.
കഴിഞ്ഞദിവസം രാത്രി അപ്രതീക്ഷിത രാജിയിലൂടെ ഞെട്ടിച്ച രാജ്യസഭാധ്യക്ഷൻ ജഗ്ദീപ് ധൻകറുടെ അഭാവത്തിൽ ഉപാധ്യക്ഷൻ ഹരിവംശ് നാരായണ്‍ സിംഗായിരുന്നു രാജ്യസഭ നിയന്ത്രിച്ചത്. സഭാനടപടികൾക്കുശേഷം ഹരിവംശ് രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിക്കുകയും ചെയ്തു.