ജസ്റ്റീസ് വർമയുടെ പുറത്താക്കൽ പ്രമേയം ധൻകറിന് ബൂമറാംഗായി
Wednesday, July 23, 2025 3:03 AM IST
ന്യൂഡൽഹി: ഡൽഹിയിലെ ഔദ്യോഗിക വസതിയിൽനിന്നു ചാക്കുകളിൽ കെട്ടിസൂക്ഷിച്ചിരുന്ന കണക്കിൽപ്പെടാത്ത കറൻസി നോട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റീസ് യശ്വന്ത് വർമയ്ക്കെതിരായ പ്രതിപക്ഷ എംപിമാരുടെ ഇംപീച്ച്മെന്റ് പ്രമേയം സർക്കാരുമായി കൂടിയാലോചിക്കാതെ സ്വീകരിച്ചതാണു മോദിയുടെയും ഷായുടെയും അനിഷ്ടത്തിനു കാരണമായതെന്നാണ് പ്രചരിക്കുന്ന പ്രധാന അഭ്യൂഹം. ലോക്സഭയിലെ പ്രമേയത്തിന്മേലുള്ള കേന്ദ്രസർക്കാരിന്റെ പദ്ധതി ധൻകർ അട്ടിമറിച്ചുവെന്ന് ബിജെപി നേതാക്കൾ സൂചന നൽകി.
ലോക്സഭയിലെ പ്രമേയത്തിൽ ബിജെപിയടക്കം ഭരണപക്ഷ എംപിമാർ ഒപ്പുവച്ചിട്ടും രാജ്യസഭയിലെ സമാന പ്രമേയത്തിൽ ബിജെപി എംപിമാർ ഒപ്പുവച്ചിരുന്നില്ല എന്നതാണ് ഈ സംശയം ബലപ്പെടുത്തുന്നത്.
ഭരണ- പ്രതിപക്ഷ പാർട്ടികളിലെ 149 ലോക്സഭാ എംപിമാർ ഒപ്പുവച്ചപ്പോൾ രാജ്യസഭയിൽ പ്രതിപക്ഷത്തെ 63 എംപിമാർ മാത്രമാണ് ഒപ്പുവച്ചിരുന്നത്.
തൃണമൂൽ കോണ്ഗ്രസ്, സമാജ്വാദി എംപിമാരും പ്രമേയത്തിൽ ഒപ്പുവച്ചിട്ടില്ലെന്നാണു സൂചന. കെട്ടുകണക്കിന് കറൻസിനോട്ടുകൾ പാതികരിഞ്ഞ നിലയിൽ ജഡ്ജിയുടെ വസതിയിൽ നിന്നു കിട്ടിയിട്ടും ജസ്റ്റീസ് വർമയ്ക്കെതിരേ അമിത് ഷായുടെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാതിരുന്നതും ദുരൂഹമാണ്.
എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ മാത്യൂസ് ജെ. നെടുന്പാറ സുപ്രീംകോടതിയെ സമീപിച്ചിട്ടും മറ്റു കാരണങ്ങൾ പറഞ്ഞ് കോടതിയും ഇക്കാര്യത്തിൽ നിർദേശം നൽകാൻ തയാറായില്ല. ജസ്റ്റീസ് വർമയെ അഭിഭാഷകൻ വർമയെന്നു വിളിച്ചുവെന്ന തൊടുന്യായത്തന്റെ പേരിലായിരുന്നു തിങ്കളാഴ്ച കേസ് മാറ്റിയത്.
ഇതേസമയം, വിശ്വഹിന്ദ് പരിഷത്ത് സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്ത് വർഗീയ വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിക്കപ്പെട്ട അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖർ യാദവിനെതിരേ രാജ്യസഭയിൽ പ്രതിപക്ഷം നൽകിയ ഇംപീച്ച്മെന്റ് പ്രമേയത്തിന് സാങ്കേതികത്വം പറഞ്ഞ് ധൻകർ ഇനിയും അനുമതി നൽകിയിട്ടില്ല.
യാദവിനെതിരായ പ്രമേയത്തിലെ 55 ഒപ്പുകളിൽ ഒരെണ്ണം ഇരട്ടിപ്പാണെന്നും ഒപ്പിട്ടയാൾ അതിൽ ഒരൊപ്പു മാത്രമാണു തന്റേതെന്നു സ്ഥിരീകരിച്ചതുമെന്നുമാണ് ധൻകർ തിങ്കളാഴ്ച രാജ്യസഭയിൽ പറഞ്ഞത്.
ഫലത്തിൽ ജസ്റ്റീസ് വർമയ്ക്കെതിരായ പ്രതിപക്ഷത്തിന്റെ പ്രമേയം സ്വീകരിക്കുകയും കഴിഞ്ഞ ഡിസംബറിൽ ജസ്റ്റീസ് യാദവിനെതിരേയുള്ള പ്രമേയത്തിൽ തീരുമാനം നീട്ടുകയും ചെയ്തു. ആർഎസ്എസ് താത്പര്യമാണു യാദവിനെ പുറത്താക്കാനുള്ള പ്രമേയത്തിന്മേൽ നടപടി നീട്ടുന്നതെന്നാണു പ്രതിപക്ഷത്തിന്റെ ആരോപണം.