മുംബൈ ട്രെയിൻ സ്ഫോടനക്കേസ്; മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയിൽ
Wednesday, July 23, 2025 3:03 AM IST
ന്യൂഡൽഹി: മുംബൈയിൽ 2006ലുണ്ടായ ട്രെയിൻ സ്ഫോടന പരന്പരക്കേസിലെ 12 പ്രതികളെയും വെറുതെവിട്ട ബോംബെ ഹൈക്കോടതി വിധി ചോദ്യം ചെയ്തു മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു.
കേസ് അടിയന്തരമായി പരിഗണിക്കണമെന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ ആവശ്യപ്രകാരം വിഷയം നാളെ ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
ആറു മലയാളികൾ ഉൾപ്പെടെ 189 പേർ കൊല്ലപ്പെട്ട 2006ലെ മുംബൈ ട്രെയിൻ സ്ഫോടനക്കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും തെളിവുകൾ വിശ്വസനീയമല്ലെന്നും വിലയിരുത്തിയാണ് ബോംബെ ഹൈക്കോടതി 12 പേരെ കഴിഞ്ഞദിവസം കുറ്റവിമുക്തരാക്കിയത്.
അഞ്ചുപേർക്ക് വധശിക്ഷയും ഏഴുപേർക്ക് ജീവപര്യന്തവും വിധിച്ച പ്രത്യേക കോടതിയുടെ വിധി റദ്ദാക്കിയുള്ള ബോംബെ ഹൈക്കോടതി നടപടി കേസന്വേഷണം നടത്തിയ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡിനും (എടിഎസ്) സംസ്ഥാന സർക്കാരിനും കനത്ത തിരിച്ചടിയായിരുന്നു.
അതിനിടെ, കേസ് അന്വേഷിക്കാൻ ഹൈക്കോടതി ജഡ്ജി തലവനായ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) രൂപീകരിക്കണമെന്ന് 2015ൽ പ്രത്യേക കോടതി വെറുതെവിട്ട അബ്ദുൾ വഹാബ് ഷെയ്ഖ് എന്നയാൾ ആവശ്യപ്പെട്ടിട്ടുണ്ട്.
കേസിൽ അന്വേഷണം നടത്തിയ എടിഎസ് മാപ്പ് പറയണമെന്നും നിരപരാധികളായിട്ടും 19 വർഷം ജയിലുകളിൽ കഴിഞ്ഞ 12 പേർക്ക് 19 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും അബ്ദുൾ വഹാബ് ആവശ്യപ്പെട്ടു.