തൊഴിലുറപ്പ് പദ്ധതി: കേരളത്തിനു ലഭിക്കാനുള്ളത് 377 കോടി
Wednesday, July 23, 2025 3:03 AM IST
ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപ്രകാരം കേരളത്തിനു നൽകേണ്ട ശേഷിക്കുന്ന തുക 377.57 കോടി രൂപയെന്നു കേന്ദ്രസർക്കാർ. ഈ മാസം 16 വരെയുള്ള കണക്കാണിതെന്നു കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ലോക്സഭയിൽ സമർപ്പിച്ച രേഖകളിൽ വ്യക്തമാക്കി.
കഴിഞ്ഞ വർഷത്തെ കുടിശികയും ചേർത്തു സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കുമായി 2025-26 സാന്പത്തികവർഷം 44,323 കോടി രൂപ അനുവദിച്ചെന്നും കേന്ദ്രം അറിയിച്ചു. പദ്ധതിപ്രകാരം കേരളത്തിന് 578 കോടി രൂപ നൽകാനുണ്ടെന്നായിരുന്നു കഴിഞ്ഞ ബജറ്റ് സമ്മേളനത്തിൽ കേന്ദ്രം രാജ്യസഭയിൽ സമർപ്പിച്ച കണക്കുകളിൽ വ്യക്തമാക്കിയിരുന്നത്.
പുതിയ കണക്കുകൾ പുറത്തുവന്നതോടെ കേരളത്തിന് 200 കോടി രൂപ ഈ സാന്പത്തികവർഷം അനുവദിച്ചിട്ടുണ്ടെന്നാണു വ്യക്തമാകുന്നത്. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കുമായി ഇപ്പോഴും കേന്ദ്രം നൽകാനുള്ള കുടിശിക 14,603.94 കോടി രൂപയാണ്.