വന്യജീവി ആക്രമണം; കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിഷ്ക്രിയമെന്ന് വേണുഗോപാൽ
Wednesday, July 23, 2025 3:03 AM IST
ന്യൂഡൽഹി: കേരളത്തിൽ ഓരോ ദിവസവും വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം വർധിക്കുന്നതായി കെ.സി. വേണുഗോപാൽ.
വന്യജീവി ആക്രമണം പ്രതിരോധിക്കുന്നതിൽ സംസ്ഥാന സർക്കാർ നിഷ്ക്രിയമാണ്. ഇതൊന്നും തങ്ങളെ ബാധിക്കുന്ന വിഷയമല്ല എന്ന മനോഭാവമാണു കേന്ദ്രസർക്കാരിന്. കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ കോണ്ഗ്രസ് ഇക്കാര്യം വിശദമായി സഭയിൽ ഉന്നയിച്ചതാണ്. കേന്ദ്രമന്ത്രിയോടു വിഷയം ഉന്നയിച്ചപ്പോൾ ഉത്തരവാദിത്വം മുഴുവൻ സംസ്ഥാന സർക്കാരിനാണ് എന്നരീതിയിലാണ് അദ്ദേഹം സംസാരിച്ചത്.
കേന്ദ്രസർക്കാർ ഈ വിഷയത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ തയാറാകണം. സംസ്ഥാനസർക്കാർ അതിനുവേണ്ടി ശക്തമായ നിലപാട് സ്വീകരിക്കണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.