എംവിഎ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി
Monday, November 11, 2024 3:54 AM IST
മുംബൈ: മഹാരാഷ്ട്രയിലെ പ്രതിപക്ഷസഖ്യമായ മഹാ വികാസ് അഗാഡി (എംവിഎ) തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. ജാതി സെൻസസ് നടപ്പാക്കുമെന്നും സ്ത്രീകൾക്ക് മാസം തോറും 3000 രൂപ ധനസഹായം നല്കുമെന്നും ‘മഹാരാഷ്ട്രനാമ’ എന്നു പേരിട്ടിരിക്കുന്ന പ്രകടന പത്രികയിൽ ഉറപ്പുനല്കുന്നു.
ഒന്പതിനും പതിനാറിനും ഇടയിൽ പ്രായമുള്ളപെൺകുട്ടികൾക്ക് സൗജന്യമായി സെർവിക്കൽ കാൻസർ വാക്സിൻ നല്കും, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, 500 രൂപ നിരക്കിൽ ആറു പാചകവാതക സിലിണ്ടറുകൾ, പെൺകുട്ടികൾക്ക് 18 വയസ് പൂർത്തിയാകുന്പോൾ ഒരു ലക്ഷം രൂപ നല്കും തുടങ്ങിയവയാണ് മറ്റു വാഗ്ദാനങ്ങൾ.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് വാർത്താസമ്മേളനത്തിൽ പ്രകടനപത്രിക പുറത്തിറക്കിയത്. എൻസിപി വർക്കിംഗ് പ്രസിഡന്റ് സുപ്രിയ സുലെ, ശിവസേന(ഉദ്ധവ്) എംപി സഞ്ജയ് റൗത് എന്നിവരും വാർത്താസമ്മേളനത്തിനെത്തിയിരുന്നു.