കോളജ് മതിലുകളിൽ കാവിനിറം പൂശാൻ രാജസ്ഥാൻ സർക്കാർ
Monday, November 11, 2024 3:55 AM IST
ജയ്പുർ: കോളജുകളിലെ പ്രവേശനകവാടങ്ങളിലും മതിലുകളിലും കാവി നിറം പൂശാൻ രാജസ്ഥാൻ സർക്കാർ. സംസ്ഥാനത്തെ 20 സർക്കാർ കോളജുകളിലാണു കായകല്പ് പദ്ധതി പ്രകാരമുള്ള തുക ഉപയോഗിച്ച് കാവി പെയിന്റടിക്കുക.
രാജസ്ഥാൻ കോളജ് എഡ്യൂക്കേഷൻ കമ്മീഷണറേറ്റിന്റെ ഉത്തരവ്. വിദ്യാലയങ്ങളിൽ പോസിറ്റീവ് എനർജി ഉണ്ടാവാൻ ഇതുപകരിക്കുമെന്നാണു പദ്ധതി നിർവഹണച്ചുമതലയുള്ള ജോയിന്റ് ഡയറക്ടർ വിജേന്ദ്രകുമാർ ശർമ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. പൊതുജനാരോഗ്യ മേഖലയിൽ ശുചിത്വം, പകർച്ചവ്യാധി പ്രതിരോധം തുടങ്ങിയവ പാലിക്കാനായി ആരോഗ്യമന്ത്രാലയമാണ് കായകല്പ് പദ്ധതിക്കു തുടക്കമിട്ടത്.
അതേസമയം, ഈ നീക്കം വിദ്യാലയങ്ങളെ കാവിവത്കരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ അജൻഡയാണെന്നു പ്രതിപക്ഷമായ കോൺഗ്രസ് ആരോപിച്ചു. കഴിഞ്ഞമാസമാണ് ഉത്തരവ് പുറത്തിറങ്ങിയത്.