വയനാട് ഉരുൾപൊട്ടൽ: അടിയന്തര ഇടപെടലിന് പ്രധാനമന്ത്രിക്ക് കത്ത്
Monday, November 11, 2024 3:55 AM IST
ന്യൂഡൽഹി: വയനാട്ടിലെ ചൂരൽമലയിൽ ഉരുൾപൊട്ടലുണ്ടായവരുടെ പുനരധിവാസത്തിൽ അടിയന്തര ശ്രദ്ധയും ഇടപെടലും ആവശ്യപ്പെട്ട് പി. സന്തോഷ് കുമാർ എംപി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
മണ്ണിടിച്ചിലിൽ അച്ഛനെയും സഹോദരങ്ങളെയും നഷ്ടപ്പെട്ട കൊച്ചുപെണ്‍കുട്ടി നൈസയുടെ ഫോട്ടോയും കത്തിനോടൊപ്പം നൽകി. പ്രധാനമന്ത്രി വയനാട് സന്ദർശിച്ചപ്പോൾ കൊച്ചു നൈസയെ കൈകളിൽ പിടിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ ഫോട്ടോ വൈറലാവുകയും ദേശീയ ശ്രദ്ധയാകർഷിക്കുകയും ചെയ്തിരുന്നു. രണ്ട് ദിവസം മുന്‍പാണ് എംപി നൈസയെ സന്ദർശിച്ചത്. സംസ്ഥാന സർക്കാർ നൽകിയ വാടക വീട്ടിലാണ് അമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊപ്പം കുഞ്ഞ് നൈസ താമസിക്കുന്നതെന്ന് പ്രധാനമന്ത്രിക്കയച്ച കത്തിൽ ആദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയുടെ വാഗ്ദാനങ്ങൾ അദ്ദേഹത്തെ ഓർമിപ്പിക്കാനാണ്, നൈസയോടൊപ്പം പ്രധാനമന്ത്രി നിൽക്കുന്ന ചിത്രം അയച്ചതെന്ന് എംപി പറഞ്ഞു. ഒരു കൊച്ചു പെണ്‍കുട്ടിയുടെ നിഷ്കളങ്കത രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചെങ്കിലും അദ്ദേഹത്തിന്റെ വാഗ്ദാനങ്ങളിലെ പൊള്ളത്തരവും സഹാനുഭൂതി ഇല്ലായ്മയും ഓർമിപ്പിക്കാനാണ് കത്തിനൊപ്പം ഫോട്ടോയും അയച്ചതെന്നും സന്തോഷ് കുമാർ പറഞ്ഞു.