രാഹുലിനെതിരേ നടപടി ആവശ്യപ്പെട്ട് ബിജെപി
Tuesday, November 12, 2024 1:50 AM IST
ന്യൂഡൽഹി: മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നുണകൾ പ്രചരിപ്പിക്കുകയാണെന്നാരോപിച്ച് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.
കഴിഞ്ഞയാഴ്ച മുംബെയിൽ നടത്തിയ പരിപാടിയിലെ രാഹുൽ ഗാന്ധിയുടെ പ്രസംഗഭാഗം ഉദ്ധരിച്ചാണ് കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാളിന്റെ നേതൃത്വത്തിൽ ബിജെപി പ്രതിനിധികൾ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.
ഭരണഘടനയെ തകർക്കാൻ ബിജെപി ആഗ്രഹിക്കുന്നുവെന്ന് രാഹുൽ തന്റെ പ്രസംഗത്തിൽ പറഞ്ഞു എന്നാണ് ബിജെപിയുടെ ആരോപണം. മഹാരാഷ്ട്രയുടെ മറവിൽ ഐഫോണുകളും ബോയിംഗ് വിമാനങ്ങളും മറ്റ് സംസ്ഥാനങ്ങളിൽ നിർമിക്കുന്നുവെന്നതടക്കം അടിസ്ഥാന രഹിതമായ പരാമർശനങ്ങളാണ് രാഹുൽ പ്രചാരണവേളയിൽ ഉന്നയിക്കുന്നത്.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ ഇടപെടണമെന്നും വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതിനെതിൽനിന്ന് രാഹുലിനെ തടയുകയും ശാസിക്കുകയും ചെയ്യണമെന്നും ബിജെപി ആവശ്യപ്പെട്ടു.
വീഡിയോ പ്രചാരണം: ബിജെപിക്കെതിരേ കേസ്
കോണ്ഗ്രസ് നേതാക്കളെയും പ്രത്യേക മത വിഭാഗങ്ങളെയും അധിക്ഷേപിച്ച് ബിജെപിയുടെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പ്രചരിപ്പിച്ച വീഡിയോയ്ക്കെതിരേ റാഞ്ചി പോലീസ് കേസെടുത്തു.
വീഡിയോ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്ഗ്രസ് നേതൃത്വം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വീഡിയോ പിൻവലിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
മഹാരാഷ്ട്രയിലും സമാന പരാതി കോണ്ഗ്രസ് ഉന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചൂണ്ടിക്കാട്ടി കോണ്ഗ്രസ് സമർപ്പിച്ച എട്ട് പരാതികളിൽ ഏഴിലും തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിച്ചതായി കോണ്ഗ്രസ് നേതൃത്വം അറിയിച്ചു.