കർണാടക വഖഫ് ഭൂമി തർക്കം: കർഷകർക്ക് നോട്ടീസ് നൽകുന്ന ഉദ്യോഗസ്ഥർക്കെതിരേ നടപടി
Monday, November 11, 2024 3:55 AM IST
ബംഗളൂരു: കർണാടകയിൽ വഖഫ് ഭൂമിയിൽനിന്ന് ഒഴിഞ്ഞുപോകാൻ കർഷകർക്ക് നോട്ടീസ് നൽകുന്ന ഉദ്യോഗസ്ഥർക്കെതിരേ അച്ചടക്കനടപടി സ്വീകരിക്കുമെന്നു സിദ്ധരാമയ്യ സർക്കാർ. കർണാടക വഖഫ് ബോർഡിന് അനുകൂലമായി രേഖകൾ ഉണ്ടാക്കിയെന്ന പരാതിയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ യോഗം വിളിച്ചുചേർത്തിരുന്നതായി റവന്യു പ്രിൻസിപ്പൽ സെക്രട്ടറി രാജേന്ദ്രർ കുമാർ കഠാരിയ ഉദ്യോഗസ്ഥർക്ക് അയച്ച കത്തിൽ പറയുന്നു.
ഈ യോഗത്തിൽ വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് നേരത്തേ നൽകിയ എല്ലാ നോട്ടീസുകളും പിൻവലിച്ചിട്ടുണ്ടെന്നും കർഷകർക്കെതിരേ നടപടിയെടുക്കരുതെന്നും കത്തിൽ നിർദേശിച്ചു. മുഖ്യമന്ത്രിയുടെ നിർദേശം അവഗണിച്ച് കർഷകർക്ക് നോട്ടീസ് നൽകുന്ന ഉദ്യോഗസ്ഥർ അച്ചടക്ക നടപടിക്കു വിധേയരാകേണ്ടിവരും. മുഖ്യമന്ത്രിയുടെ ഉത്തരവ് കർശനമായി നടപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കത്തിൽ പറഞ്ഞു.