ഡൽഹി ഗണേശ് അന്തരിച്ചു
Monday, November 11, 2024 3:55 AM IST
ചെന്നൈ: നാലുപതിറ്റാണ്ടിനിടെ നാനൂറിലധികം സിനിമകളിൽ വ്യത്യസ്ത കഥാപാത്രങ്ങൾക്കു ജീവൻപകർന്ന പ്രമുഖ നടൻ ഡൽഹി ഗണേശ് (80) അന്തരിച്ചു. രാമപുരത്തെ വസതിയിൽ ശനിയാഴ്ച രാത്രി 11നായിരുന്നു അന്ത്യം. സംസ്കാരം നാളെ രാമപുരത്തെ വീട്ടുവളപ്പിൽ നടക്കും. വ്യോമസേനയിൽ പ്രവർത്തിച്ച 1960കളിൽ ഡൽഹിയിൽ നാടകങ്ങളിൽ വേഷമിട്ടാണ് ഗണേശിന്റെ കലാസപര്യ ആരംഭിക്കുന്നത്. പിന്നീട് ജോലി ഉപേക്ഷിച്ച് ചെന്നൈയിലെത്തിയ ഗണേശ്, കാറ്റാടി രാമമൂർത്തിയുടെ നാടക ട്രൂപ്പിൽ ചേർന്നു.
ഡൗറി കല്യാണം എന്ന നാടകം പ്രമുഖ സംവിധായകൻ ബാലചന്ദർ സിനിമയാക്കാൻ തീരുമാനിച്ചതോടെ ഗണേശിനു നറുക്കുവീണു.1977ൽ പട്ടണപ്രവേശം എന്ന സിനിമയിലൂടെ ഗണേശ് വെള്ളിത്തിരയിലെത്തി. തുടർന്ന് രജനീകാന്ത്, കമൽഹാസൻ, വിജയകാന്ത് എന്നിവർക്കൊപ്പം നിരവധി വേഷങ്ങൾ ചെയ്തു. മണിരത്നം ചിത്രമായ നായകനിൽ വേലു നായ്ക്കറുടെ വിശ്വസ്തനായി ഗണേശ് തിളങ്ങി. മൈക്കിൾ മദൻ കാമരാജനിലെ പാലക്കാട് അയ്യരുടെ വേഷം, അവ്വൈ ഷൺമുഖിയിലെ മാനേജറുടെ വേഷം, അപൂർവ സഹോദരങ്ങളിലെ വില്ലൻ വേഷം എന്നിവയും ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളാണ്.
മലയാള സിനിമകളിലും ഗണേശ് വ്യത്യസ്ത വേഷങ്ങൾ ചെയ്തു. ദേവാസുരത്തിലെ പണിക്കർ, ധ്രുവത്തിലെ രാമയ്യൻ, ദ സിറ്റിയിലെ സിറ്റി കമ്മീഷണർ, കാലാപാനിയിലെ പാണ്ഡ്യൻ, കൊച്ചി രാജാവിലെ സത്യമൂർത്തി, കീർത്തിചക്രയിൽ ജയ്യുടെ അച്ഛൻ, പോക്കിരിരാജയിലെ വേലു, പെരുച്ചാഴിയിലെ തമിഴ്സ്വദേശി, ലാവൻഡറിൽ ഇഷയുടെ മുത്തച്ഛൻ, മനോഹരത്തിലെ അലി ഭായി കൂടാതെ അമേരിക്കൻ മാപ്പിളൈ, നവരസ തുടങ്ങിയ വെബ് സീരീസുകളിലും ഗണേശ് പ്രത്യക്ഷപ്പെട്ടു. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരം ഉൾപ്പെടെ നിരവധി ബഹുമതി ലഭിച്ചു. തമിഴ് സിനിമയ്ക്കു ഗണേശിന്റെ വിയോഗം തീരാനഷ്ടമാണെന്നു മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അനുസ്മരിച്ചു.