വിമതനായി മത്സരിക്കുന്ന മുൻ എംഎൽഎയെ ബിജെപി സസ്പെൻഡ് ചെയ്തു
Monday, November 11, 2024 3:55 AM IST
അഹമ്മദാബാദ്: ഗുജറാത്തിൽ വിമതനായി മത്സരിക്കുന്ന മുൻ എംഎൽഎയെ ബിജെപിയിൽനിന്നു സസ്പെൻഡ് ചെയ്തു. വാവ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ പത്രിക നല്കിയ മാവ്ജി പട്ടേലിനെയും മറ്റു നാലു നേതാക്കളെയുമാണു പുറത്താക്കിയത്.
ബനാസ് ബാങ്ക് ഡയറക്ടർകൂടിയായ പട്ടേൽ ബിജെപിയുടെ ഔദ്യോഗിക സ്ഥാനാർഥിയായ സ്വരൂപ്ജി ഠാക്കൂറിനെതിരേയാണു മത്സരിക്കുന്നത്. ലോക്സഭായിലേക്കു തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് കോൺഗ്രസ് എംഎൽഎ ജെനിബെൻ ഠാക്കൂർ രാജിവച്ച ഒഴിവിലാണ് വാവ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ്.
1990ൽ വാവ് മണ്ഡലത്തിൽനിന്ന് ജനതാ ദൾ ടിക്കറ്റിൽ മാവ്ജി പട്ടേൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നീട് കോൺഗ്രസിൽ ചേർന്ന ഇദ്ദേഹം 2019ലാണു ബിജെപിയിലെത്തിയത്. വാവിലെ പ്രബല വിഭാഗമായ ചൗധരി സമുദായാംഗമാണ് പട്ടേൽ.