മണിപ്പുരിൽ കലാപം പടരുന്നു
Sunday, November 10, 2024 1:03 AM IST
ഇംഫാൽ/ഗോഹട്ടി: മണിപ്പുരിൽ കഴിഞ്ഞ രണ്ടുദിവസമായി നടന്ന കലാപത്തിൽ രണ്ടു സ്ത്രീകൾ കൊല്ലപ്പെട്ടു. ഇന്നലെ ബിഷ്ണുപുരിലെ നെൽപ്പാടത്തു തൊഴിലാളികളെ ലക്ഷ്യമിട്ട് സായുധരായ കുക്കി വിഭാഗ ക്കാർ നടത്തിയ വെടിവയ്പിൽ ഒരു സ്ത്രീത്തൊഴിലാളി കൊല്ലപ്പെട്ടു.
ഇംഫാൽ താഴ്വരയിലെ സൈതോൺ മേഖലയിലുള്ള പാടശേഖരത്തിലെ തൊഴിലാളികളാണ് ആക്രമണത്തിന് ഇരയായത്. തൊഴിലാളികളിൽ ഏറെയും സ്ത്രീകളായിരുന്നു. ഇതേത്തുടർന്ന് പ്രദേശത്ത് സംഘർഷം നിലനിൽക്കുകയാണ്. ആക്രമണം നടക്കുന്പോൾ കേന്ദ്രസേന നിഷ്ക്രിയരായിരുന്നുവെന്ന് തൊഴിലാളികൾ ആരോപിച്ചു.
ആക്രമണത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല. വെടിയേറ്റ സ്ത്രീയുടെ മൃതദേഹം മണിക്കൂറുകളോളം പാടത്ത് കിടന്നു. ബിഎസ്എഫും പ്രാദേശിക സന്നദ്ധസംഘടനകളും ചേർന്നാണ് സ്ത്രീയുടെ മൃതദേഹം മാറ്റിയത്. കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ സേനയെ വിന്യസിച്ചതായി അധികൃതർ അറിയിച്ചു.
വ്യാഴാഴ്ച ജിരിബാമിൽ സായുധസംഘം ഗോത്രവര്‍ഗക്കാരിയായ അധ്യാപികയെ വെടിവച്ചശേഷം തീ കൊളുത്തി കൊന്നിരുന്നു. ഇവർ മാനഭംഗത്തിന് ഇരയായതായും റിപ്പോർട്ടുകളുണ്ട്. കുക്കികളുമായി ബന്ധമുള്ള ഹമര്‍ ഗോത്രവിഭാഗം താമസിക്കുന്ന സൈറൗണിലാണ് സൊസാം കിം എന്ന അധ്യാപികയെ കൊലപ്പെടുത്തിയത്. 17 വീടുകളും മൂന്നു കടകളും തീവച്ചുനശിപ്പിച്ച അക്രമികൾ ഏതാനും ഇരുചക്രവാഹനങ്ങൾ കൊള്ളയടിക്കുകയും ചെയ്തു.
കഴിഞ്ഞവർഷം മേയ് മാസത്തിനുശേഷം സംസ്ഥാനത്ത് തുടങ്ങിയ കലാപത്തിൽ ഇതുവരെ ഇരുനൂറിലേറെ ആളുകളാണ് കൊല്ലപ്പെട്ടത്. നൂറുകണക്കിനു പേർ ഭവനരഹിതരായി. ഇംഫാൽ താഴ്വരെ കേന്ദ്രീകരിച്ചുള്ള മെയ്തെയ് വിഭാഗക്കാരും ഉയർന്ന മേഖലകളിൽ താമസിക്കുന്ന കുക്കികളും തമ്മിലാണു സംഘർഷം.