ഡോ. വന്ദന കൊലക്കേസ് പ്രതിക്ക് ഇടക്കാല ജാമ്യമില്ല
Tuesday, November 12, 2024 1:50 AM IST
ന്യൂഡൽഹി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസിനെ ആശുപത്രിയിൽ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദിപീന്റെ ഇടക്കാല ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി.
കോടതി നിർദേശപ്രകാരം സന്ദീപിന്റെ മാനസികനില പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിച്ചെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. മെഡിക്കൽ റിപ്പോർട്ട് മൂന്നാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാൻ ജസ്റ്റീസ് അഭയ് എസ്. ഓക്ക അധ്യക്ഷനായ ബെഞ്ച് സർക്കാരിന് നിർദേശം നൽകി.
പോലീസ് മേൽനോട്ടത്തിൽ വൈദ്യപരിശോധനയ്ക്കായി കൊട്ടാരക്കര ആശുപത്രിയിലെത്തിച്ച പ്രതി സന്ദീപ് 2023 മേയ് 10നാണ് ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയത്. ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധിക്കെതിരേയാണ് പ്രതി സുപ്രീംകോടതിയെ സമീപിച്ചത്.
കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോഴായിരുന്നു പ്രതിയുടെ മാനസികനില പരിശോധിക്കാൻ സംസ്ഥാന സർക്കാരിനു കോടതി നിർദേശം നൽകിയത്. ജാമ്യഹർജി തീർപ്പാക്കുന്നതു വരെ കേസിലെ വിചാരണനടപടികൾ നിർത്തിവച്ചിരിക്കുകയാണ്. കേസ് ഡിസംബർ 13ന് വീണ്ടും പരിഗണിക്കും.