ഖലിസ്ഥാൻ ഭീകരൻ അർഷ് ദല്ല പിടിയിൽ
Monday, November 11, 2024 3:55 AM IST
ഒട്ടാവ/ന്യൂഡൽഹി: കൊല്ലപ്പെട്ട ഖലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജറിന്റെ അടുത്ത അനുയായിയും കൊടും ക്രിമിനലുമായ അര്‍ഷ്ദീപ് ദല്ല കാനഡയിൽ അറസ്റ്റില്‍.
ഇന്ത്യ പ്രഖ്യാപിത കുറ്റവാളിയുടെ പട്ടികയില്‍പ്പെടുത്തിയിരിക്കുന്ന അര്‍ഷ് ദല്ല എന്നറിയപ്പെടുന്ന അർഷ്ദീപിനെ ഒന്റാറിയോയില്‍ വെടിവയ്പിനെത്തുടര്‍ന്ന് അറസ്റ്റുചെയ്തുവെന്നാണു വിവരം. ഇയാളെ ജയിലില്‍ അടച്ചോ അതോ മോചിപ്പിച്ചോ എന്നതിൽ വ്യക്തതയില്ല. കാനഡയുമായും തിരിച്ചുമുള്ള നയതന്ത്രബന്ധം ഇന്ത്യ വിച്ഛേദിക്കപ്പെട്ട സാഹചര്യത്തിലാണിത്.
കഴിഞ്ഞ 28നാണ് ഒന്റാറിയോയിലെ മില്‍ട്ടണില്‍ വെടിവയ്പ് നടന്നത്. ഹില്‍ട്ടണ്‍ റീജണല്‍ പോലീസ് സര്‍വീസ് (എച്ച്ആര്‍പിഎസ്) ആണ് കേസില്‍ അന്വേഷണം നടത്തുന്നത്. കാനഡയിലെ സറേയില്‍ ഭാര്യക്കൊപ്പമാണ് 28 കാരനായ ദല്ല കഴിയുന്നത്. കൊലപാതകം, ഭീഷണിപ്പെടുത്തി പണം തട്ടല്‍ ഉള്‍പ്പെടെ കുറ്റങ്ങള്‍ ഇയാള്‍ക്കെതിരേ ഇന്ത്യയില്‍ ചുമത്തിയിട്ടുണ്ട്. പഞ്ചാബ് പോലീസ് ദല്ലയുടെ പേരില്‍ ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.
ഇന്ത്യ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. ഖലിസ്ഥാനി ടൈഗർ ഫോഴ്സിന്റെ നേതാവ് കൊല്ലപ്പെട്ട നിജ്ജറിന്റെ പിൻഗാമിയായാണ് ദല്ലയെ കണക്കാക്കുന്നത്.