പ്രതിദിനം തടയുന്നത് 1.35 കോടി വ്യാജ കോളുകൾ: കേന്ദ്രമന്ത്രി
Monday, November 11, 2024 3:55 AM IST
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ സാങ്കേതിക സംവിധാനം ഉപയോഗിച്ച് 1.35 കോടി വ്യാജ തട്ടിപ്പ് കോളുകൾ തടയുന്നുണ്ടെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഇതിലൂടെ ഏകദേശം 2500 കോടി രൂപയുടെ സ്വത്ത് ലാഭിക്കാൻ സഹായിച്ചിട്ടുണ്ടെന്നും ഭൂരിഭാഗം സ്പാം കോളുകളും രാജ്യത്തിനു പുറത്തുള്ള സെർവറുകളിൽനിന്നാണ് വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യാജ കോളുകളും സൈബർ തട്ടിപ്പും തടയുന്നതിനായി മാർച്ചിൽ ആരംഭിച്ച സഞ്ചാർ സതി പദ്ധതിയിലൂടെ 2.9 ലക്ഷത്തോളം ഫോണുകളുടെ കണക്ഷൻ വിച്ഛേദിക്കുകയും സന്ദേശങ്ങൾ അയയ്ക്കാൻ ഉപയോഗിച്ചിരുന്ന 18 ലക്ഷത്തോളം ഹെഡറുകൾ ബ്ലോക്ക് ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.
വിദേശ സെർവറുകൾ ഉപയോഗിച്ച് വിളിക്കുന്നവർ തങ്ങളുടെ നന്പറുകൾ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യൻ നന്പറായി മാറ്റാറുണ്ട്. ഇത്തരം കോളുകൾ തടയുന്നത് വെല്ലുവിളിയാണെന്നും എന്നാൽ ഇതിനെ ചെറുക്കാൻ പ്രതിദിനം ശരാശരി 1.35 കോടി വ്യാജ കോളുകൾ തടയുന്ന സോഫ്റ്റ്വേർ സർക്കാർ വികസിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തട്ടിപ്പ് തടയുന്നത് ലക്ഷ്യം വച്ച് പോലീസ് ഉൾപ്പെടെയുള്ള നിയമ നിർവഹണ ഏജൻസികളെയും ബാങ്കുകളെയും സംയോജിപ്പിക്കുന്ന പുതിയ ഒരു സോഫ്റ്റ്വേറും സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്. ഏകദേശം 520 ഏജസികളെ ഇതുവരെ സോഫ്റ്റ്വേറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാർ സ്ഥാപനമായ ബിഎസ്എൻഎല്ലിന്റെ വളർച്ച നിർണായകമാണെന്നും അതിന്റെ വിപണിസാധ്യത വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. അടുത്ത വർഷം മേയോടെ 5 ജി പുറത്തിറക്കാനുള്ള ശ്രമമാണെന്നും ഏപ്രിലോടെ നൂറ് ശതമാനം 4 ജി ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.