രാമേശ്വരത്ത് 23 മത്സ്യബന്ധനത്തൊഴിലാളികൾ ശ്രീലങ്കൻ നാവികസേനയുടെ പിടിയിൽ
Monday, November 11, 2024 3:54 AM IST
രാമേശ്വരം: സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് തമിഴ്നാട്ടിലെ രാമനാഥപുരം സ്വദേശികളായ 23 മത്സ്യബന്ധനത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. മൂന്ന് യന്ത്രവത്കൃത ബോട്ടുകൾ പിടിച്ചെടുക്കുകയും ചെയ്തു. തൊഴിലാളികളെ ലങ്കയിലെ കങ്കേശൻ തുറ ഹാർബറിൽ എത്തിച്ചു. കോടതിയിൽ എത്തിച്ച ഇവരെ റിമാൻഡ് ചെയ്ത് ജാഫ്നയിലെ ജയിലിൽ അടച്ചിരിക്കുകയാണ്.
ശ്രീലങ്കൻ അതിർത്തിയോടുചേർന്നുള്ള ആഴക്കടലിൽവച്ചാണ് തൊഴിലാളികളെ അറസ്റ്റ്ചെയ്തതെന്ന് തമിഴ്നാട് ഫിഷറീസ് വകുപ്പ് വ്യക്തമാക്കി. ഈവർഷം ഇതുവരെ ഇന്ത്യയിൽനിന്നുള്ള 485 മത്സ്യബന്ധനത്തൊഴിലാളികളെയാണ് ശ്രീലങ്ക പിടികൂടിയത്.
രാമേശ്വരം, നാഗപട്ടണം, തൂത്തുക്കുടി, പുതുക്കോട്ടെ നിവാസികളാണ് ഇവർ. 65 ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്.