മാർ പ്രിൻസ് ഷംഷാബാദിന് അനുയോജ്യനായ ഇടയൻ: മാർ റാഫേൽ തട്ടിൽ
Monday, November 11, 2024 3:55 AM IST
ബാലാപുർ: ഇരുപത്തിമൂന്നു സംസ്ഥാനങ്ങളിൽ പരന്നുകിടക്കുന്ന, 77 രൂപതകളുടെ അതിർത്തികൾക്കുള്ളിലുള്ള ഷംഷാബാദ് രൂപതയെ നയിക്കാൻ ഏറ്റവും അനുയോജ്യനായ ഇടയനെയാണ് മാർ പ്രിൻസ് ആന്റണി പാണേങ്ങാടനിലൂടെ ലഭിച്ചതെന്ന് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. ഷംഷാബാദ് രൂപതാധ്യക്ഷനായി മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ സ്ഥാനമേറ്റശേഷം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മാർ തട്ടിൽ.
തങ്ങളുടെ ഇടയനെ ഷംഷാബാദിലേക്കു തെരഞ്ഞെടുത്തതിൽ അദിലാബാദുകാർക്കു വിഷമവും വേദനയുമുണ്ടാകാം. അത്രയ്ക്കും ആ രൂപതയുടെ ഹൃദയത്തിലിടംനേടിയ ഇടയനായിരുന്നു അദ്ദേഹം.
എന്നാൽ, വിശാലമായ ഷംഷാബാദ് രൂപതയെ നയിക്കാൻ ആളെ തേടുന്പോൾ സിനഡിന്റെ ഏകകണ്ഠമായ തീരുമാനമായിരുന്നു മാർ പാണേങ്ങാടൻ എന്നു മേജർ ആർച്ച്ബിഷപ് പറഞ്ഞു. പുതിയ മിഷൻ ദൗത്യത്തിൽ എല്ലാ ആശംസകളും അറിയിച്ച മാർ തട്ടിൽ, പുതിയ ബിഷപ് വരുന്നതുവരെ അദിലാബാദ് രൂപതയുടെ അഡ്മിനിസ്ട്രേറ്റർ ചുമതലയും മാർ പാണേങ്ങാടൻ വഹിക്കുമെന്നും അങ്ങനെ അദിലാബാദിന് അദ്ദേഹത്തിന്റെ സേവനം തുടർന്നും ലഭിക്കുമെന്നും വ്യക്തമാക്കി.