ഡോ. അംബ്രോസ് പിച്ചൈമുത്തു വെല്ലൂർ ബിഷപ്
Sunday, November 10, 2024 1:19 AM IST
ബംഗളൂരു: ഡോ. അംബ്രോസ് പിച്ചൈമുത്തു(58)വിനെ തമിഴ്നാട്ടിലെ വെല്ലൂർ ബിഷപ്പായി നിയമിച്ചു. ചെങ്കൽപേട്ട് രൂപതയിലെ വൈദികനാണ് അദ്ദേഹം.
ബംഗളൂരു സിസിബിഐ ജനറൽ സെക്രട്ടേറിയറ്റിൽ ബംഗളൂരു ആർച്ച്ബിഷപ് പീറ്റർ മച്ചാഡോയാണ് നിയമനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ചടങ്ങിനിടെ നിയുക്തബിഷപ് അംബ്രോസിനെ സ്ഥാനചിഹ്നങ്ങൾ അണിയിച്ചു.
സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഡോ. സ്റ്റീഫൻ ആലത്തറ, ബംഗളൂരു സഹായമെത്രാന്മാരായ ആരോഗ്യരാജ് സതീശ് കുമാർ, ജോസഫ് സൂസൈനാഥൻ എന്നിവർ സന്നിഹിതരായിരുന്നു. സിസിബിഐ കമ്മീഷൻ ഫോർ പ്രൊക്ലമേഷന്റെ എക്സിക്യൂട്ടീവ് സെക്രട്ടറിയും പൊന്തിഫിക്കൽ മിഷൻ ഓർഗനൈസേഷൻസ് ഡയറക്ടറുമാണ് ഡോ. പിച്ചൈമുത്തു.
തമിഴ്നാട്ടിലെ ചേയൂരിൽ ജനിച്ച അംബ്രോസ് 1993 മാർച്ച് 25ന് വൈദികനായി. ലുവൈൻ കാത്തലിക് യൂണിവേഴ്സിറ്റിയിൽനിന്ന് തത്വശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും റോമിലെ സെന്റ് തോമസ് അക്വീനാസ് യൂണിവേഴ്സിറ്റിയിൽനിന്ന് ഡോക്ടറേറ്റും നേടിയിട്ടുണ്ട്.
ഏഴു വർഷം ചെങ്കൽപേട്ട് രൂപതയുടെ വികാരി ജനറാളായിരുന്നു. 2022 ൽ സിസിബിഐ കമ്മീഷൻ ഫോർ പ്രൊക്ലമേഷന്റെ എക്സിക്യൂട്ടീവ് സെക്രട്ടറിയായി നിയമിതനായി. വെല്ലൂർ ബിഷപ് ഡോ. സൗന്ദർരാജ് പെരിയനായഗം എസ്ഡിബി കാലംചെയ്തതിനെത്തുടർന്നുവന്ന ഒഴിവിലാണ് നിയമനം.