രാഹുലിന്റെ രാജി ആദ്യപടി; വിട്ടുവീഴ്ചയില്ലാത്ത നടപടിയെന്ന് ആവര്‍ത്തിച്ച് വി.ഡി. സതീശന്
Sunday, August 24, 2025 2:12 AM IST
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി ഗൗരവമായി പരിശോധിച്ച് ആരോപണവിധേയനു പറയാനുള്ളതുകൂടി കേട്ട് വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്.
ഒന്നാം ഘട്ടമാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്നുള്ള രാജി. ഇപ്പോള്‍ ബഹളമുണ്ടാക്കുന്നവര്‍ അവരുടെ കാര്യത്തില്‍ എന്താണു ചെയ്തതെന്ന് ആത്മപരിശോധന നടത്തുന്നത് നല്ലതായിരിക്കുമെന്നും സതീശൻ പറഞ്ഞു.
സിപിഎമ്മും ബിജെപിയും എന്തു ചെയ്തുവെന്നു നോക്കിയല്ല കോണ്‍ഗ്രസ് തീരുമാനം. ഇത്തരം കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത തീരുമാനമാണു കോണ്‍ഗ്രസിനുള്ളത്. ആരോപണം ഉന്നയിക്കുന്ന ഒരു സ്ത്രീക്കുമെതിരേ സമൂഹമാധ്യമങ്ങളിലൂടെ ഒരു യുഡിഎഫ് പ്രവര്‍ത്തകനും പ്രചാരണം നടത്തരുത്. അങ്ങനെ പ്രചാരണം നടത്തിയെന്ന് അറിഞ്ഞാല്‍ അവര്‍ക്കെതിരേ നടപടിയെടുക്കും. ഒരു സ്ത്രീയെയും വേട്ടയാടാന്‍ അനുവദിക്കില്ലെന്നും സതീശന് പറഞ്ഞു.
കോഴിയുമായി പ്രകടനം നടത്തിയതു വലിയ തമാശ
കോഴിയെയുംകൊണ്ട് രാഹുലിന്റെ ഓഫീസിലേക്കു പ്രകടനം നടത്തിയത് വലിയ തമാശയാണ്. സിപിഎം നേതാക്കളില്‍ കോഴിഫാം നടത്തുന്നവരുണ്ട്. അങ്ങോട്ടാണു ശരിക്കും പ്രകടനം നടത്തേണ്ടത്.
ബിജെപിയുടെ ഒരു മുന്‍ മുഖ്യമന്ത്രി പോക്സോ കേസില്‍ പ്രതിയായിട്ടും ഉന്നതാധികാര സമിതിയില്‍ ഇരുത്തിയിരിക്കുകയാണ്. അങ്ങനെയുള്ളവരാണ് ഇവിടെ സമരം ചെയ്തു ഞങ്ങള്‍ക്ക് ക്ലാസെടുക്കാന്‍ വരുന്നത്.
സംരക്ഷണം നല്കിയെന്നു പറഞ്ഞാണ് എന്റെ വീട്ടിലേക്ക് പ്രതിഷേധം നടത്തുന്നത്. അങ്ങനെയെങ്കില്‍ കേരളത്തില്‍ ആരോപണവിധേയരായ ഏറ്റവുമധികം ആളുകളെ സംരക്ഷിച്ചതു മുഖ്യമന്ത്രിയാണ്. ശരിക്കും അവര്‍ ക്ലിഫ്ഹൗസിലേക്കാണു മാര്‍ച്ച് നടത്തേണ്ടത്.
ആരോപണം ഉന്നയിച്ച സ്ത്രീകള്‍ക്കെതിരായ വി.കെ. ശ്രീകണ്ഠന് എംപിയുടെ പ്രസ്താവന പൊളിറ്റിക്കലി ഇന്‍കറക്ടാണ്. തന്റെ പ്രതിഷേധം അപ്പോള്‍ത്തന്നെ അറിയിച്ചിരുന്നു. ആരോപണവുമായി ഒരു വിരല്‍ ഞങ്ങള്‍ക്കെതിരേ ചൂണ്ടുമ്പോള്‍ ബാക്കി നാലു വിരലും അവര്‍ക്കെതിരേ തന്നേയാണെന്ന് ഓര്‍ക്കണം.
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ തീരുമാനിക്കാനുള്ള ചര്‍ച്ചപോലും നടത്തിയിട്ടില്ല. പ്രാപ്തിയുള്ള ഒന്നിലധികം ആളുകളുണ്ട്. അതില്‍ ഓരാളെ തെരഞ്ഞെടുക്കും. ഇതുമായി ബന്ധപ്പെട്ട് ഒരു തര്‍ക്കവുമില്ലെന്നും സതീശന് കൊച്ചിയില്‍ പറഞ്ഞു.