ഡിജിറ്റല്‍ മെംബര്‍ഷിപ്പുമായി പ്രധാനാധ്യാപക സംഘടന
Sunday, August 24, 2025 2:11 AM IST
കൊച്ചി: സംസ്ഥാനത്തെ അധ്യാപക സര്‍വീസ് സംഘടനാചരിത്രത്തില് ആദ്യമായി ഡിജിറ്റല്‍ മെംബര്‍ഷിപ്പുമായി പ്രധാനാധ്യാപകരുടെ സ്വതന്ത്ര സംഘടനയായ കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന് (കെപിപിഎച്ച്എ).
എയ്ഡഡ് പ്രൈമറി പ്രധാനാധ്യാപകര്‍ക്കു ലിങ്കില്‍ പ്രവേശിച്ച് അംഗത്വത്തിനായി അപേക്ഷ നല്‍കാം. ഇതോടൊപ്പം ഓണ്‍ലൈനായി മെംബര്‍ഷിപ്പ് ഫീസും അടയ്ക്കാം. അപേക്ഷയ്ക്ക് ഉപജില്ലാ സെക്രട്ടറി അംഗീകാരം നല്കിയാല് വിവരങ്ങള്‍ ജില്ലാതലത്തില്‍ എത്തും. ജില്ലാ സെക്രട്ടറി അംഗീകരിച്ചാല്‍ അടുത്തഘട്ടത്തില്‍ സംസ്ഥാന സമിതി പരിശോധിച്ച് അംഗത്വം നല്‍കും.
തുടര്‍ന്ന് അംഗങ്ങള്‍ക്ക് ഐഡി കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. മലപ്പുറം പറപ്പൂര് ഇരിങ്ങല്ലൂര്‍ എഎംഎല്‍പി സ്കൂള്‍ പ്രധാനാധ്യാപകന് പി. മുഹമ്മദ് സബാഹാണു ഡിജിറ്റല്‍ മെംബര്‍ഷിപ്പിനുള്ള സോഫ്റ്റ്വേര്‍ തയാറാക്കിയത്. സംസ്ഥാനതല മെംബര്‍ഷിപ്പ് കാമ്പയിന് കെപിപിഎച്ച്എ സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.