വ്യാജവോട്ട് രേഖകൾ പിടിച്ചെടുക്കാൻ ജുഡീഷൽ അന്വേഷണം നടത്തണം: ടി.എൻ. പ്രതാപൻ
Sunday, August 24, 2025 12:51 AM IST
തൃശൂർ: സുരേഷ് ഗോപിയുടെ വോട്ടുചേർക്കൽ രേഖകൾ ലഭ്യമാകാതിരിക്കാൻ ജില്ലാ ഭരണകൂടം ശ്രമിക്കുന്നുവെന്നും അതിനാൽ സംസ്ഥാന സർക്കാർ ജുഡീഷൽ അന്വേഷണം നടത്തി രേഖകൾ പിടിച്ചെടുക്കണമെന്നും കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ടി.എൻ. പ്രതാപൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
എഐസിസി അംഗം അനിൽ അക്കര വിവരാവകാശ നിയമപ്രകാരം ജില്ലാ ചീഫ് ഇലക്ടറൽ ഓഫീസർകൂടിയായ ജില്ലാ കളക്ടർക്കു നല്കിയ അപേക്ഷയിലാണ് രേഖകൾ നല്കാതിരുന്നത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനുവേണ്ടി പ്രസിദ്ധീകരിച്ച വോട്ടർപട്ടികയിലെ മുഴുവൻ ബൂത്തുകളുടെയും കൂട്ടിച്ചേർത്ത പട്ടികയും വോട്ടർപട്ടികയിൽ ഉൾപ്പെടുത്താൻ വ്യക്തികൾ സ്ഥിരതാമസ തെളിവിനായി സമർപ്പിച്ച രേഖകളുമാണ് അപേക്ഷയിൽ ആവശ്യപ്പെട്ടത്.
എന്നാൽ, വിവരം തെരഞ്ഞെടുപ്പു കമ്മീഷന്റെ ഭൗതികസ്വത്തായ ഐടി ആപ്ലിക്കേഷനുകളുടെ ഡാറ്റാബേസിൽ ഉൾപ്പെടുന്നതിനാൽ നൽകാനാകില്ലെന്നാണ് അറിയിച്ചത്. രേഖകൾ നൽകാതിരിക്കാൻ നിയമപ്രകാരമുള്ള കാരണം രേഖപ്പെടുത്തിയിട്ടില്ലെന്നും പ്രതാപൻ ചൂണ്ടിക്കാട്ടി.
ഒരിക്കൽ പ്രസിദ്ധീകരിച്ച വോട്ടർപട്ടിക പൊതുസ്വത്താണ്. അതു നൽകാതിരിക്കുന്നതിലൂടെ ഇലക്ഷൻ കമ്മീഷൻ നിയമലംഘനം നടത്തി. ഇതിനെതിരേ അപ്പീൽ നല്കും. സുരേഷ് ഗോപിയും ബിജെപിയും വ്യാജവോട്ട് ചേർത്ത വിഷയത്തിൽ ജില്ലാ ഭരണകൂടവും ജില്ലാ ഇലക്ടറൽ ഓഫീസും തടസം നിൽക്കുന്നത്, നടപടിയിൽ സംസ്ഥാന സർക്കാരിനും പങ്കുള്ളതിനാലാണെന്നും ടി.എൻ. പ്രതാപൻ കുറ്റപ്പെടുത്തി.
സുരേഷ് ഗോപിയുടെ സത്യവാങ്മൂലം വ്യാജമെന്ന് അനിൽ അക്കര
സുരേഷ് ഗോപിയും കുടുംബവും തൃശൂരിൽ വോട്ട് ചേർക്കാൻ തെരഞ്ഞെടുപ്പു കമ്മീഷനു മുന്പിൽ സമർപ്പിച്ച സത്യവാങ്മൂലം വ്യാജമാണെന്ന് എഐസിസി അംഗം അനിൽ അക്കര. സുരേഷ് ഗോപി കളവു പറയുകയാണ്, അല്ലെങ്കിൽ സത്യം മൂടിവയ്ക്കുന്നു.
രേഖകൾ വ്യാജമായതുകൊണ്ടാണ് സുരേഷ് ഗോപി മറുപടി പറയാത്തത്. ഇക്കാര്യത്തിൽ മറുപടി പറഞ്ഞാൽ ടെക്നിക്കലും നിയമപരവുമായ പ്രശ്നങ്ങൾ സുരേഷ് ഗോപി നേരിടേണ്ടിവരുമെന്നും അനിൽ അക്കര വ്യക്തമാക്കി.