ലഹരിക്കെതിരായ പോരാട്ടം; ആഭ്യന്തരവകുപ്പിന്റെ പിന്തുണയോടെ ‘ടോക് ടു മമ്മൂക്ക’പുതിയ ഘട്ടത്തിലേക്ക്
Sunday, August 24, 2025 2:11 AM IST
കൊച്ചി: ലഹരി ഉപയോഗവും കച്ചവടവും സംബന്ധിച്ച വിവരങ്ങള്‍ ഫോണിലൂടെ കൈമാറാനായി മമ്മൂട്ടിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ‘ടോക് ടു മമ്മൂക്ക’യ്ക്ക് ഇനി ആഭ്യന്തരവകുപ്പിന്റെ പിന്തുണ.
പരാതികള്‍ സ്വീകരിക്കാന്‍ പോലീസിനു നിര്‍ദേശം നൽകി സര്‍ക്കാര്‍ ഉത്തരവായതിനു പിന്നാലെ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഡിജിപി റവാഡ ചന്ദ്രശേഖർ തത്സമയ പരാതിപരിഹാരത്തിനു തുടക്കമിട്ടു.
കോഴിക്കോട് നടുവണ്ണൂരില്‍നിന്നുള്ള പരാതിയാണു ഡിജിപി സ്വീകരിച്ചത്. ചികിത്സയ്ക്കുശേഷം ചെന്നൈയില്‍ വിശ്രമിക്കുന്ന മമ്മൂട്ടി ഫോണിലൂടെ ചടങ്ങിന്റെ ഭാഗമായി. പദ്ധതിക്കു പിന്തുണ നൽകുന്നതിന് സര്‍ക്കാരിനും ആഭ്യന്തരവകുപ്പിനുമുള്ള നന്ദി അദ്ദേഹം ഡിജിപിയെ അറിയിച്ചു.
ലഹരിക്കെതിരായ പോരാട്ടത്തില്‍ പോലീസിനു ശക്തി പകരേണ്ടതു സമൂഹമാണെന്ന് ഡിജിപി പറഞ്ഞു. ലഹരിക്കടത്തുകാർക്കും കച്ചവടക്കാര്‍ക്കുമെതിരേ പോലീസ് നിയമനടപടികള്‍ സ്വീകരിക്കും. മയക്കുമരുന്നിന് അടിമകളായവര്ക്കു കൗണ്‍സലിംഗ് പോലുള്ളവ നൽകി ജീവിതത്തിലേക്കു തിരികെക്കൊണ്ടുവരേണ്ടതുണ്ട്. അത്തരം മാര്‍ഗങ്ങള്‍കൂടി രാജഗിരി ആശുപത്രിയുമായി ചേര്‍ന്ന് ടോക് ടു മമ്മൂക്ക പദ്ധതിയുടെ ഭാഗമായി ആവിഷ്കരിച്ചുവെന്നതു മാതൃകാപരമാണെന്ന് ഡിജിപി പറഞ്ഞു.
ചടങ്ങില്‍ കൊച്ചി സിറ്റി പോലീസ് മുന്‍ കമ്മീഷണര്‍ വിനോദ് തോമസ്, രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഫാ. ജോണ്സണ് വാഴപ്പിള്ളി, കൊച്ചി സൗത്ത് എസിപി പി. രാജ്കുമാര്, കെയര്‍ ആൻഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന് മരോട്ടിപ്പുഴ, ഡയറക്ടര്‍ റോബര്‍ട്ട് കുര്യാക്കോസ്, രാജഗിരി ഹെല്‍ത്ത് കെയര്‍ പ്രമോഷന്‍സ് വൈസ് പ്രസിഡന്റ് ജോസ് പോള്‍ എന്നിവര്‍ പ്രസംഗിച്ചു.
വിളിക്കാം, 6238877369 എന്ന നമ്പറിലേക്ക്
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള സാമൂഹികസേവന പ്രസ്ഥാനമായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണലാണു മേല്‍നോട്ടം വഹിക്കുന്നത്. കൗണ്‍സലിംഗ് ആവശ്യമെങ്കില്‍ ആലുവ രാജഗിരി ആശുപത്രിയുടെ ക്ലിനിക്കല്‍ സൈക്കോളജി വിഭാഗത്തിന്റെ മുഴുവന്‍സമയ സേവനവും സൗജന്യമായി ലഭിക്കും.
രാജഗിരി സൈക്യാട്രി വിഭാഗത്തിലെ ഡോ. വിനീത് മോഹന്‍, ഡോ. ഗാര്‍ഗി പുഷ്പലാല്‍, ഡോ. അര്ജുന് ബലറാം, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമാരായ ദിവ്യ കെ. തോമസ്, അമൃത മോഹന്‍ എന്നിവരാണു സംഘത്തിലുളളത്.
പരാതികള്‍ ആന്റി നാര്‍ക്കോട്ടിക് കണ്ട്രോള് റൂമിലും ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയുടെ ഓഫീസിലും സ്വീകരിക്കും. നിലവില്‍ സംസ്ഥാന കുടുംബശ്രീ മിഷന്റെ സഹകരണവുമുണ്ട്. പദ്ധതിയുമായി സഹകരിക്കണമെന്നു നേരത്തേതന്നെ എക്സൈസ്, തദ്ദേശസ്വയംഭരണ വകുപ്പുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നൽകിയിരുന്നു.
6238877369 എന്ന നന്പറിലേക്കു വിളിച്ച് വിവരങ്ങള്‍ അറിയിക്കാം. കെയര്‍ ആൻഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഇതു പോലീസിനും എക്സൈസിനും കൈമാറും. ഫോണ്‍ നമ്പറിലേക്കു വിളിക്കുമ്പോള്‍ മമ്മൂട്ടി സ്വന്തം ശബ്ദത്തിലാണു സ്വാഗതം ചെയ്യുക.