വോട്ടുലിസ്റ്റിൽ ആർക്കും പേരുചേർക്കാം: കേന്ദ്രമന്ത്രി ജോർജ് കുര്യൻ
Sunday, August 24, 2025 12:51 AM IST
തൃശൂർ: നിയമം അനുശാസിക്കുന്ന രീതിയിൽ വോട്ടുലിസ്റ്റിൽ ആർക്കും പേരു ചേർക്കാമെന്നും ഏതെങ്കിലുമൊരാൾ ഒരു സ്ഥലത്തു താമസിച്ചുവെന്ന കാരണത്താൽ അവിടെ മാത്രമേ വോട്ട് ചെയ്യാവൂ എന്നില്ലെന്നും കേന്ദ്രമന്ത്രി അഡ്വ. ജോർജ് കുര്യൻ. ബിജെപി സംസ്ഥാനതല ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വ്യാജവോട്ട് ആരോപണം മാനസികമായി തളർത്താനും വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനുമാണ്. വോട്ടുപരാതികളിൽ തെരഞ്ഞെടുപ്പു കമ്മീഷനു പരിമിതികളുണ്ട്. ഓരോ തെരഞ്ഞെടുപ്പും അഞ്ചുവർഷത്തിനുള്ളിൽ നടക്കുന്നതിനാൽ പരാതികൾ അതിനകം പരിഹരിക്കേണ്ടിവരും. അഞ്ചുവർഷം കഴിഞ്ഞാൽ തീരുമാനമെടുക്കാൻ കഴിയില്ല.
കെ. സുരേന്ദ്രൻ മഞ്ചേശ്വരത്തു മത്സരിച്ചപ്പോൾ കർണാടകയിൽനിന്നുവരെ വോട്ടു ചേർത്തിട്ടുണ്ട്. രാജ്യത്തു നടക്കുന്ന എല്ലാറ്റിനെയും വിമർശിക്കാമെങ്കിലും ഒരു കുടുംബത്തെ മാത്രം വിമർശിക്കരുതെന്നാണു ചിലർ പറയുന്നത്. ആ കുടുംബത്തിലെ റാണിയും രാജകുമാരനും രാജകുമാരിയും വിമർശനത്തിന് അതീതരല്ല.
ഇതേവരെ നടന്ന തെരഞ്ഞെടുപ്പുകളിൽ ഒരു രാഷ്ട്രീയ പാർട്ടിക്കും അനുകൂലമായി ഒരേപോലെ ജനഹിതമുണ്ടായിട്ടില്ല. തെരഞ്ഞെടുപ്പുപ്രക്രിയ സുതാര്യമാണെന്ന് ഇതിൽനിന്നു വ്യക്തമാണെന്നും ജോർജ് കുര്യൻ അഭിപ്രായപ്പെട്ടു.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അധ്യക്ഷനായി. ആർഎസ്എസ് ഉത്തരകേരളം പ്രാന്തകാര്യവാഹ് പി.എൻ. ഈശ്വരൻ ക്ലാസെടുത്തു.