ഇടമലക്കുടിയില്‍ പനി ബാധിച്ച് അഞ്ചു വയസുകാരന് മരിച്ചു
Sunday, August 24, 2025 2:11 AM IST
മൂന്നാര്‍: ഇടമലക്കുടി ആദിവാസി കുടിയില്‍ യഥാസമയം ആശുപത്രിയില്‍ എത്തിക്കാനാവാത്തതു മൂലം പനി ബാധിച്ച് അഞ്ചു വയസുകാരന് മരിച്ചു. കുടല്ലാര് ആദിവാസിക്കുടി സ്വദേശികളായ മൂര്‍ത്തി -ഉഷ ദമ്പതികളുടെ മകന് കാര്‍ത്തിയാണ് മരിച്ചത്.
കഴിഞ്ഞ ദിവസം പനി മൂര്‍ച്ഛിച്ച് സ്ഥിതി വഷളായതോടെ തീവ്രശ്രമത്തിനൊടുവിൽ മണിക്കൂറുകള്‍ക്കു ശേഷമാണ് ആശുപത്രിയിലെത്തിക്കാൻ സാധിച്ചത്. കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇടമലക്കുടിയിലെ എത്തിച്ചേരുവാന്‍ വളരെ പ്രയാസമുള്ള കുടികളില്‍ ഒന്നാണ് കൂടല്ലാര്‍കുടി.
ഉള്‍വനത്തിലുള്ള ദുര്‍ഘട പ്രദേശമായതിനാല്‍ പെട്ടെന്ന് എത്തിപ്പെടാനാവാത്ത കുടിയില്‍ നിന്നും പുറത്ത് പെട്ടെന്ന് എത്തിപ്പെടാന്‍ സാധിക്കുന്ന വഴിയാണ് മാങ്കുളം. റോഡുകളോ മറ്റു വാഹന സൗകര്യങ്ങളോ ഇല്ലാത്ത കുടിയില്‍ നിന്നും ഘോര വനത്തിലൂടെ ചുമന്നാണ് കുട്ടിയെ മാങ്കുളത്തെ ആനകുളത്ത് എത്തിച്ചത്. അവിടെ നിന്നും വാഹനത്തില്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. റോഡുകളുടെ അഭാവം മൂലം കൃത്യ സമയത്ത് ചികിത്സ ലഭിക്കാതെ ജീവന് നഷ്ടപ്പെടുന്ന സംഭവം ഇതാദ്യമല്ല.
കൃത്യ സമയത്ത് ചികിത്സ നല്കാവാനാത്തതു മൂലം നവജാത ശിശുക്കള്‍ മരിച്ച സാഹചര്യം ഉണ്ടായിരുന്നു.