തൃശൂരിലും വോട്ടുമോഷണമെന്ന് ദീപാദാസ് മുൻഷി
Sunday, August 24, 2025 12:51 AM IST
തൃശൂർ: ഹരിയാനയിലും മഹാരാഷ്ട്രയിലും നടന്നതുപോലുള്ള വോട്ടുക്രമക്കേടുതന്നെയാണു തൃശൂരിലും നടന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി പറഞ്ഞു. ഡോ. പൽപു ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ‘ഭരണഘടനാ സംരക്ഷണവും പരമാധികാരവും എന്ന വിഷയത്തിൽ നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
മഹാരാഷ്ട്രയിലും മറ്റു സംസ്ഥാനങ്ങളിലുമൊക്കെ പ്രവർത്തകർ വീടുകളിൽ കയറിയിറങ്ങിയാണു വോട്ട് ക്രമക്കേടു നടത്തിയതെന്നു കണ്ടെത്തിയിട്ടുണ്ട്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണു രാഹുൽ ഗാന്ധി വോട്ട് ക്രമക്കേട് സംബന്ധിച്ച് ആരോപണം ഉന്നയിച്ചത്. തൃശൂർ മണ്ഡലത്തിലും വോട്ടുമോഷണം നടന്നു.
ഭരണഘടനതന്നെ അവസാനിപ്പിക്കാനാണു ബിജെപി ശ്രമം. എല്ലാ ദിവസവും അവരുടെ എല്ലാ പരിപാടികളും ഭരണഘടനയ്ക്കെതിരേയാണ്. വോട്ട് ക്രമക്കേട് നടത്തിയതിനെതിരേ അവസാനം വരെ പൊരുതുമെന്നും ദീപാദാസ് മുൻഷി പറഞ്ഞു.
ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് അധ്യക്ഷത വഹിച്ചു. ദീപിക ന്യൂഡൽഹി ബ്യൂറോ ചീഫ് ജോർജ് കള്ളിവയലിൽ, എഐസിസി സെക്രട്ടറി പി.വി. മോഹൻ, ഋഷി പല്പ്പു എന്നിവർ പ്രസംഗിച്ചു.