ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കണം: മലങ്കര കാത്തലിക് അസോസിയേഷൻ
Sunday, August 24, 2025 2:11 AM IST
കൊച്ചി: ഭരണഘടന ഉറപ്പുനല്‍കുന്ന ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കാൻ ഭരണകൂടം തയാറാകണമെന്ന് മലങ്കര കാത്തലിക് അസോസിയേഷന് (എംസിഎ) സഭാതല സമിതി ആവശ്യപ്പെട്ടു.
രാജ്യത്തു വര്‍ധിച്ചുവരുന്ന ക്രൈസ്തവ പീഡനങ്ങളില്‍ സമിതി പ്രതിഷേധം രേഖപ്പെടുത്തി. കൊച്ചിയിൽ നടന്ന രാഷ്ട്രീയ അവബോധന സമ്മേളനം സീറോമലങ്കര സഭ അല്മായ കമ്മീഷന് ചെയര്‍മാനും മാവേലിക്കര രൂപത മുന്‍ അധ്യക്ഷനുമായ ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്തു.
അസഹിഷ്ണുതയും വിഭാഗീയതയും രാജ്യത്തെ പിന്നോട്ടു നയിക്കുന്നുവെന്ന് ബിഷപ് ഓര്‍മിപ്പിച്ചു. എംസിഎ സഭാതല പ്രസിഡന്റ് എസ്.ആർ. ബൈജു അധ്യക്ഷത വഹിച്ചു.
കേരള കാത്തലിക് ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.സി. ജോര്‍ജ്കുട്ടി, എംസിഎ ഭാരവാഹികളായ അഡ്വ. എല്‍ദോ പൂക്കുന്നേല്‍, എന്‍.ടി. ജേക്കബ്, ഫാ. മാത്യുസ് കുഴിവിള, ഫാ. ജോര്‍ജ് മാങ്കുളം, ബെറ്റ്സി വര്‍ഗീസ്, ഷിബു മാത്യു, ഷാജി തോമസ്, ബിനോ മാത്യു, ലാലി ജോസ്, സുഭാഷ് വെട്ടിക്കാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. പരിശീലന സെമിനാറിന് പ്രശസ്ത ട്രെയിനറും മുന്‍ പ്രിന്‍സിപ്പലുമായ പ്രഫ. റൂബിള്‍ രാജ് നേതൃത്വം നല്കി.