യന്ത്രത്തില്‍ ഷാള്‍ കുരുങ്ങി ജീവനക്കാരി മരിച്ചു
Sunday, August 24, 2025 12:51 AM IST
ചിങ്ങവനം: പേപ്പര്‍ മില്ലിലെ യന്ത്രത്തില്‍ ഷാള്‍ കുരുങ്ങി നിലത്തടിച്ചു വീണതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ജീവനക്കാരി മരിച്ചു. വള്ളംകുളം സ്വദേശിനി കുഴിമറ്റം നെല്ലിക്കല്‍ ബിനുവിന്റെ ഭാര്യ ബിനു(42) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ചിങ്ങവനം ചന്തക്കടവില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് മേരീസ് മില്ലിലാണ് ദാരുണമായ സംഭവം നടന്നത്. യന്ത്രത്തിന് സമീപത്തു കൂടി നടന്നുപോയ ബിനുവിന്റെ കഴുത്തിലെ ഷാള്‍ ബല്റ്റില് കുരുങ്ങുകയും കൂടെ തലമുടിയും കുരുങ്ങി നിലത്തടിച്ചു വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
ഉടന്‍ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംസ്കാരം തിങ്കളാഴ്ച നടക്കും.