കേരള മീഡിയ അക്കാദമി കോളജ് മാഗസിൻ അവാർഡ്: പുരസ്കാര സമർപ്പണം നാളെ
Sunday, August 24, 2025 12:52 AM IST
തിരുവനന്തപുരം: കേരളത്തിലെ മികച്ച കലാലയ മാഗസിനുകൾക്കുള്ള മുഖ്യമന്ത്രിയുടെ ട്രോഫി സമ്മാനിക്കുന്ന കേരള മീഡിയ അക്കാദമി കോളജ് മാഗസിൻ പുരസ്കാര സമർപ്പണം നാളെ രാവിലെ 11ന് പാലക്കാട് ഗവ. വിക്ടോറിയ കോളജിൽ നടക്കും.
തദ്ദേശ സ്വയംഭരണ-എക്സൈസ് മന്ത്രി എം.ബി രാജേഷ് പുരസ്കാരം സമ്മാനിക്കും. 2023-24 വർഷത്തിലെ മുഖ്യമന്ത്രിയുടെ ട്രോഫിയും 25,000 രൂപയും അടങ്ങുന്ന ഒന്നാംസമ്മാനത്തിന് അർഹമായത് പാലക്കാട് ഗവ. വിക്ടോറിയ കോളജ് പ്രസിദ്ധീകരിച്ച ‘തുരുത്ത് ’ എന്ന മാസികയാണ്.
രണ്ടും മൂന്നും സമ്മാനങ്ങൾ യഥാക്രമം രണ്ട് കോളജുകൾ വീതം പങ്കിട്ടു. എറണാകുളം ഗവ ലോ കോളജിന്റെ മാഗസിൻ ‘പറ്റലർ’, മലപ്പുറം കോട്ടയ്ക്കൽ വിപിഎസ്വി ആയുർവേദ കോളജിന്റെ മാഗസിൻ ‘ചെലപ്പധികാരം’ എന്നിവയ്ക്കാണ് രണ്ടാം സമ്മാനം. 15,000/- രൂപയും ട്രോഫിയും പ്രശസ്തിപത്രവുമാണ് നൽകുക. കോഴിക്കോട് ജെഡിടി ഇസ്ലാം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിന്റെ മാഗസിൻ ‘ഫുർഖത് ’ , തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിന്റെ മാഗസിൻ ‘ഇന്ത്യ ദാറ്റ് ഈസ് ഭാരത്’ എന്നീ മാസികകൾക്കാണ് മൂന്നാം സമ്മാനം. 10000/- രൂപയും ട്രോഫിയും പ്രശസ്തിപത്രവുമാണ് സമ്മാനം.
കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി മുൻ പ്രസിഡന്റുമായ വൈശാഖൻ മുഖ്യാതിഥിയാകും.