നാലാം ഓണനാളിൽ പൂര്‍ണ ചന്ദ്രഗ്രഹണം
Sunday, August 24, 2025 2:12 AM IST
പയ്യന്നൂര്‍: ഇത്തവണ ഓണത്തോടൊപ്പം പൂര്‍ണ ചന്ദ്രഗ്രഹണവും ഉണ്ടാകും. ഏഴിന് പൗര്‍ണമിദിവസം രാത്രിയാണ് ഗ്രഹണം. രാത്രി പതിനൊന്നോടെ ഗ്രഹണം പൂര്‍ണമാകും. ഏഴിന് രാത്രി ഒന്‍പതോടെ ചന്ദ്രനില്‍ ഭൂമിയുടെ നിഴല്‍ വീണുതുടങ്ങും.
ഈ സമയം പൂര്ണചന്ദ്രന് കിഴക്കന്‍ ചക്രവാളത്തില്‍നിന്ന് ഏതാണ്ട് 40 ഡിഗ്രി ഉയരത്തില്‍ കുംഭം നക്ഷത്രഗണത്തിലായിരിക്കും. രാത്രി പതിനൊന്നോടെ ഗ്രഹണം പൂര്‍ണമാകും. ഈ സമയം രക്തചന്ദ്രന്‍ (ബ്ലഡ് മൂണ്‍) എന്ന പ്രതിഭാസം കാണാന്‍ കഴിയുമെന്ന് പയ്യന്നൂര്‍ വാനനിരീക്ഷണകേന്ദ്രം ഡയറക്ടര്‍ ഗംഗാധരന് വെള്ളൂര്‍ അറിയിച്ചു. പൂര്‍ണചന്ദ്രഗ്രഹണ സമയത്ത് മാത്രം കാണുന്ന ഒരു പ്രതിഭാസമാണ് രക്തചന്ദ്രന്‍.
സൂര്യനില്‍നിന്ന് വരുന്ന പ്രകാശത്തെ ഭൂമി മറച്ച് ചന്ദ്രനില്‍ നിഴല്‍ വീഴ്ത്തുന്നതോടൊപ്പം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന തരംഗദൈര്‍ഘ്യം കൂടിയ ചുവപ്പു കിരണങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ അപവര്‍ത്തനത്തിന് വിധേയമായി അല്പം വളഞ്ഞ് ചന്ദ്രനില്‍ പതിക്കുമ്പോള്‍ ചന്ദ്രന് ചുവപ്പ് നിറത്തില്‍ അല്ലെങ്കില്‍ ചെമ്പ് നിറത്തില്‍ കാണപ്പെടുന്നതാണ് ബ്ലഡ് മൂണ്‍.
കേരളത്തില്‍ എല്ലായിടത്തും ഈ ഗ്രഹണം ദൃശ്യമാകും. രാത്രി ഒന്നരയോടെ ഗ്രഹണം അവസാനിക്കും. ചന്ദ്രഗ്രഹണം നഗ്നനേത്രം കൊണ്ട് നിരീക്ഷിക്കാവുന്നതാണെന്നും അദ്ദേഹം അറിയിച്ചു. ഗ്രഹണം നിരീക്ഷിക്കാന്‍ പയ്യന്നൂര്‍ വാനനിരീക്ഷണ കേന്ദ്രത്തില്‍ പ്രത്യേക സൗകര്യം ഒരുക്കുന്നുണ്ട്.