രാഹുൽ മാങ്കൂട്ടത്തിൽ വിവാദം: കോണ്‍ഗ്രസ് സ്വീകരിച്ച നടപടികളിൽ തൃപ്തിയെന്ന് ഷിബു ബേബി ജോൺ
Sunday, August 24, 2025 2:11 AM IST
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ഉയർന്ന വിവാദത്തിൽ കോണ്‍ഗ്രസ് ഇതുവരെ കൈകാര്യം ചെയ്ത രീതി തൃപ്തികരമെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണ്‍.
പരാതിയോ പോലീസ് കേസോ പേരുപോലും വെളിപ്പെടുത്തലോ ഉണ്ടായിട്ടില്ലാത്ത ആരോപണത്തിലാണ് കോണ്‍ഗ്രസ് കടുത്ത നടപടി സ്വീകരിച്ചത്. സിപിഎമ്മിലെ ജനപ്രതിനിധികൾ അടക്കമുള്ളവർക്കെതിരേ പരാതിയും കേസും എഫ്ഐആറും ഉണ്ടായിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല.
കൊല്ലം എംഎൽഎ എം. മുകേഷിനെതിരേ പരാതി മാത്രമല്ല പോലീസ് കേസെടുത്തിട്ടും എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്ന നിലപാടായിരുന്നു സിപിഎം നേതൃത്വം കൈക്കൊണ്ടത്. ജനപ്രതിനിധിയായി തുടരാൻ യോഗ്യതയുണ്ടോയെന്നു തീരുമാനിക്കുന്നതു ജനങ്ങളാണ്. എട്ടു മാസത്തിനകം പൊതു തെരഞ്ഞെടുപ്പു വരികയാണല്ലോ. ഇക്കാര്യം ഇനി ജനം തീരുമാനിക്കും.
പരാതി വന്നാൽ, തെറ്റാവർത്തിക്കരുതെന്നു താക്കീത് ചെയ്യുകയാണ് ആദ്യം ചെയ്യുന്നത്. തെറ്റ് വീണ്ടും ആവർത്തിച്ചതായി ബോധ്യപ്പെട്ടാൽ മാത്രമാണു നടപടി സ്വീകരിക്കുകയെന്നും ഇതുസംബന്ധിച്ച ചോദ്യങ്ങൾക്കു മറുപടിയായി ഷിബു ബേബി ജോൺ പറഞ്ഞു.