വയലാര്‍ വര്‍ഷം: ഒരു വര്‍ഷത്തെ പരിപാടികളുമായി വയലാര്‍ രാമവര്‍മ ട്രസ്റ്റ്
Sunday, August 24, 2025 12:52 AM IST
തിരുവനന്തപുരം: കവി വയലാര്‍ രാമവര്‍മ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ട് അര നൂറ്റാണ്ട് പൂര്‍ത്തിയാകുന്ന ഒക്ടോബര്‍ 27 മുതല്‍ ഒരു വര്‍ഷം വയലാര്‍ വര്‍ഷമായി ആചരിക്കുമെന്ന് വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ട്രസ്റ്റ് സെക്രട്ടറി ബി. സതീശന് അറിയിച്ചു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളുടെ ഉദ്ഘാടനം ഒക്ടോബര്‍ 27ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കും.
വയലാര്‍ വര്‍ഷത്തോടനുബന്ധിച്ച് നാടകം, ചിത്രരചന, കവിതാലാപനം, ഗാനാലാപനം നൃത്താവിഷ്കാരം, ക്വിസ് എന്നിങ്ങനെ കോളജ്, സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങള്‍, ബിനാലയില്‍ വയലാര്‍ സെഗ്മെന്റ്, സെമിനാറുകള്‍, സാഹിത്യസമ്മേളനങ്ങള്‍, ഡോക്യുമെന്ററി, ഡിജിറ്റല്‍ ലൈബ്രറി, സുവനീര്‍, കള്‍ച്ചറല്‍ എക്സ്ചേഞ്ച് പ്രോഗ്രാമുകള്‍ തുടങ്ങി വിപുലമായ പരിപാടികളുമായാണ് വയലാര്‍വര്‍ഷം സംഘടിപ്പിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയും പങ്കാളിത്തത്തോടെയും പരിപാടികള്‍ സംഘടപ്പിക്കും. സാംസ്കാരിക വകുപ്പ്, ടൂറിസം, ധനവകുപ്പ്, ലൈബ്രറി കൗണ്‍സില്‍, ബിനാലെ ട്രസ്റ്റ്, സാഹിത്യ അക്കാദമി, മീഡിയാ അക്കാഡമി, പ്രസ് ക്ലബ്, വൈലോപ്പിള്ളി സംസ്കൃതി ഭവന്, ഭാരത് ഭവന്, സര്‍വകലാശാലകള്‍ തുടങ്ങിയവര്‍ പങ്കാളികളാകും.