കള്ളവോട്ട് ചെയ്തു ജയിക്കാമെന്ന് ആരും കരുതേണ്ട: വി.ഡി. സതീശന്
Sunday, August 24, 2025 2:11 AM IST
കൊച്ചി: വോട്ടര്‍പട്ടികയില്‍ ക്രമക്കേട് നടത്തി കള്ളവോട്ട് ചേര്‍ത്തു ജയിക്കാമെന്ന് ആരും വിചാരിക്കേണ്ടെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. വോട്ടര്‍പട്ടികയില്‍ കൃത്രിമം കാട്ടുമെന്നാണ് അമിത് ഷാ പറയുന്നത്. അതിന് അവരെ അനുവദിക്കില്ല.
വോട്ടര്‍പട്ടിക പരിശോധിക്കാന്‍ ഞങ്ങളുണ്ട്. ഒരു വോട്ടുപോലും സിപിഎമ്മോ ബിജെപിയോ അനധികൃതമായി ചേര്‍ക്കില്ല. ഇത്തവണ ഒരുതരത്തിലും ഇല്ലാത്തപോലെയാണ് യുഡിഎഫ് വോട്ട് ചേര്‍ത്തത്. അതുപോലെ വോട്ടര്‍പട്ടിക പരിശോധിക്കാനുള്ള സംവിധാനവും കോണ്‍ഗ്രസിനും യുഡിഎഫിനുമുണ്ട്.
കള്ളവോട്ട് ചെയ്തു ജയിക്കാമെന്ന് ആരും കരുതേണ്ട. അതിനുള്ള നിര്‍ദേശമൊന്നും ആരും നല്‍കേണ്ട. കള്ളവോട്ട് ചേര്‍ത്താണു ജയിച്ചതെന്ന് ഇപ്പോള്‍ തെളിഞ്ഞല്ലോ. ഇനി അതിനു ശ്രമിക്കേണ്ട. എല്ലാ വിഷയങ്ങളിലും ഒരു രാഷ്ട്രീയപാര്‍ട്ടിയും സ്വീകരിക്കാത്ത നിലപാടാണു കേരളത്തിലെ കോണ്‍ഗ്രസ് സ്വീകരിച്ചതെന്നും സതീശന് പറഞ്ഞു.