സിപിഎമ്മും പിണറായി വിജയനും അയ്യപ്പസംഗമം നടത്തുന്നു; ചിരിക്കണോ കരയണോയെന്ന് രാജീവ് ചന്ദ്രശേഖർ
Sunday, August 24, 2025 12:51 AM IST
തൃശൂർ: സിപിഎമ്മും പിണറായി വിജയനും അയ്യപ്പസംഗമം നടത്തുന്നു, മുഖ്യാതിഥി സ്റ്റാലിൻ; ചിരിക്കണോ കരയണോയെന്ന് അറിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പത്രസമ്മേളനത്തിൽ പറഞ്ഞു.
സനാതന ധർമത്തിനെതിരേ എന്തെല്ലാം വാക്കുകൾ ഉപയോഗിച്ച പാർട്ടിയാണു ഡിഎംകെ. സ്റ്റാലിനും മകൻ ഉദയനിധി സ്റ്റാലിനും സുപ്രീംകോടതി വരെ കേസിനു പോയി. തെരഞ്ഞെടുപ്പിനു മാസങ്ങൾ ശേഷിക്കെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ മുഖ്യാതിഥിയാക്കി സർക്കാർ സംഘടിപ്പിക്കുന്ന അയ്യപ്പസംഗമത്തെക്കുറിച്ചു കേട്ടപ്പോൾ ഹിറ്റ്ലര് ജൂതന്മാരുടെ ആഘോഷത്തിൽ പങ്കെടുക്കുന്നപോലെയാണു തോന്നുന്നത്.
ശബരിമല മണ്ഡലകാലത്ത് സിപിഎം എന്തെല്ലാം ചെയ്തെന്ന് മലയാളികളും ഇന്ത്യയൊട്ടാകെയും കണ്ടതാണ്. ഇരട്ടത്താപ്പും ജനങ്ങളെ വിഡ്ഢിയാക്കുന്ന രാഷ്ട്രീയവും ഇനി നടക്കില്ല. അക്കാലം കഴിഞ്ഞെന്നു പിണറായി വിജയനും സ്റ്റാലിനും ഓർക്കണം.
ഇടതുസർക്കാരിന്റെ ദുർഭരണവും ഭരണപരാജയവും അനാസ്ഥയുമെല്ലാം ഒളിച്ചുവയ്ക്കാനുള്ള ഏക മാർഗമാണു കേന്ദ്രം ഒന്നും തന്നില്ലെന്ന ആരോപണം. ബജറ്റ് രേഖകളിലുള്ളതും സുതാര്യവുമായ കാര്യങ്ങളാണു കേന്ദ്രസർക്കാർ പറയുന്നത്. ആത്മവിശ്വാസമുണ്ടെങ്കിൽ കണക്കോ തെളിവുകളോ മുന്നോട്ടുവയ്ക്കൂ. സംവാദമോ പ്രസ് കോൺഫറൻസോ വയ്ക്കൂ. സംവാദത്തിനു താൻ തയാറാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
രാഹുൽ രാജിവച്ചില്ലെങ്കിൽ ബിജെപി ചെയ്യേണ്ടതു ചെയ്യും
ചൂഷണവും അഴിമതിയും കുടുംബവാഴ്ചയുമാണു കോൺഗ്രസിന്റെ ഡിഎൻഎയെന്നു രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അവരുടെ രീതിയും സംസ്കാരവുമാണത്. പാലക്കാട്ടെ എംഎൽഎയുടെ കാര്യത്തിൽ ബിജെപി കൃത്യമായ ധാരണയോടെ മുന്നോട്ടു പോകും. രാജിവച്ചില്ലെങ്കിൽ ചെയ്യേണ്ടതെല്ലാം പാലക്കാട്ട് പാർട്ടി ചെയ്യുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.