ജയില്‍ ഉദ്യോഗസ്ഥനു വരവില്‍ കവിഞ്ഞ സ്വത്ത്; വിജിലന്‍സ് കേസെടുത്തു
Sunday, August 24, 2025 12:52 AM IST
കൊച്ചി: ജില്ലാ ജയിലിലെ തടവുകാര്‍ക്ക് ലഹരി എത്തിച്ചുനല്‍കിയ സംഭവത്തില്‍ സസ്പെന്‍ഷനിലായ ജയില്‍ ഉദ്യോഗസ്ഥനെതിരേ അനധികൃത സ്വത്തു സമ്പാദനത്തിന് വിജിലന്‍സ് കേസെടുത്തു. എറണാകുളം ജില്ലാ ജയില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഷിറാസ് ബഷീറി(38) നെതിരേയാണു വിജിലന്‍സ് സ്പെഷല്‍ സെല്‍ കേസെടുത്തത്.
ലഹരിമാഫിയയുമായി ബന്ധമുള്ള ഇയാള്‍ ലഹരി ഉപയോഗിക്കുകയും ജയിലിൽ തടവുകാര്‍ക്ക് ലഹരി എത്തിച്ചു നല്‍കുകയും ചെയ്തെന്ന പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ സസ്പെന്‍ഷനിലാണ്.
ജില്ലാ ജയിലില്‍ ജോലി ചെയ്തിരുന്ന കാലയളവില്‍ വിവിധ വസ്തുക്കള്‍ ഉള്‍പ്പെടെ 1,93,09,529 രൂപയുടെ സ്വത്തുക്കള്‍ ഇയാള്‍ സമ്പാദിച്ചതായും ഇതില്‍ 76,09,529 രൂപയുടെ സ്വത്തുക്കള്‍ അനധികൃതമായി സന്പാദിച്ചതാണെന്നും വിജിലന്‍സിന്റെ രഹസ്യാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി ഇയാളുടെ തൃശൂര്‍ ചേലക്കര മുകരിക്കുന്നിലെ വീട്ടിലും ഇപ്പോൾ താമസിക്കുന്ന എറണാകുളം കൊച്ചുകടവന്ത്ര കെ.പി. വള്ളോന്‍ റോഡിലെ വീട്ടിലും വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. കേസില്‍ വിജിലന്‍സ് വിശദമായ അന്വേഷണം ആരംഭിച്ചു.