യുഎന്നിൽ കൈയൊപ്പു ചാർത്തിയ ഡോ. പി.ജെ. തോമസ് വിടവാങ്ങിയിട്ട് ഇന്ന് 60 വർഷം
Saturday, July 26, 2025 3:44 AM IST
സി.കെ. കുര്യാച്ചൻ
കോട്ടയം: മലയാളി വേണ്ടവിധം മനസിലാക്കുകയോ ആദരിക്കുകയോ ചെയ്യാത്ത വിശ്വപൗരൻ വിടവാങ്ങിയിട്ട് ഇന്ന് 60 വർഷം. യുഎൻ ചാർട്ടർ എഴുതിയുണ്ടാക്കുന്നതിലടക്കം പങ്കാളിയായ സുപ്രസിദ്ധ സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോ. പി.ജെ. തോമസ് അന്തരിച്ചത് 1965 ജൂലൈ 26നായിരുന്നു.
ന്യൂയോർക്കിൽ ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്തെ ലൈബ്രറിയിൽ ഡോ. പി.ജെ. തോമസിന്റെ തനിച്ചുള്ള ഫോട്ടോ ഇക്കണോമിക് അഡ്വൈസർ ഓഫ് ഇന്ത്യ എന്ന അടിക്കുറിപ്പോടെ പ്രദർശിപ്പിച്ചിരിക്കുന്നത് കണ്ട് താൻ അദ്ഭുതപ്പെട്ടുപോയി എന്ന് ഡോ. പി.ജെ. തോമസിന്റെ കൊച്ചുമകൾ മേരി മോനി ചാണ്ടി ദീപികയോടു പറഞ്ഞു.
കോട്ടയം കുറവിലങ്ങാട് സ്വദേശിയായ പകലോമറ്റം പാറേക്കുന്നേൽ കുടുംബാംഗമായ ഡോ. പി.ജെ. തോമസ് ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ ജോൺ മേനാർഡ് കെയ്ൻസുമായി അടുത്ത സൗഹൃദം പുലർത്തുകയും കത്തിടപാടുകൾ നടത്തുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകൾ താൻ ഇപ്പോഴും നിധിപോലെ സൂക്ഷിക്കുന്നുവെന്നും മേരി മോനി ചാണ്ടി പറഞ്ഞു.
ഐക്യരാഷ്ട്ര സഭാ ലൈബ്രറിയിൽ ഡോ. പി.ജെ. തോമസിന്റെ തനിച്ചുള്ള ഫോട്ടോ പ്രദർശിപ്പിക്കാനുള്ള കാരണമെന്തെന്ന് കൂടുതൽ അന്വേഷണത്തിലാണു വെളിപ്പെട്ടത്. 1945ൽ സാൻഫ്രാൻസിസ്കോയിൽ യുഎൻ ചാർട്ടർ തയാറാക്കാൻ ഇന്ത്യ അടക്കം 50 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളാണ് സമ്മേളിച്ചത്. നാലു കമ്മീഷനുകളായാണ് ഇവർ പ്രവർത്തിച്ചത്.
ഇക്കണോമിക് ആൻഡ് സോഷ്യൽ കൊൺസിലിന്റെ ഡ്രാഫ്റ്റ് തയാറാക്കുന്ന കമ്മിറ്റിയിലായിരുന്നു ഡോ. പി.ജെ. തോമസ് ഉൾപ്പെട്ട ഇന്ത്യൻ സംഘം. സർ രാമസ്വാമി മുതലിയാറായിരുന്നു ഇന്ത്യൻ സംഘത്തെ നയിച്ചത്. ഇവർ തയാറാക്കിയ ഡ്രാഫ്റ്റായിരുന്നു ഏറ്റവും മികച്ചതെന്ന് പ്രശംസിക്കപ്പെട്ടു.
കമ്മിറ്റിയിൽ ശ്രദ്ധേയ സംഭാവന നൽകിയത് ഡോ. പി.ജെ. തോമസായിരുന്നുവെന്നും രേഖകളിൽനിന്നു വ്യക്തമാകുന്നുണ്ട്. അതിനാലായിരിക്കണം ഡോ. പി.ജെ. തോമസിന്റെ ചിത്രം അവിടെ സ്ഥാപിക്കപ്പെട്ടത് എന്നാണ് കരുതുന്നതെന്നും മേരി മോനി ചാണ്ടി പറഞ്ഞു. ഡ്രാഫ്റ്റ് തയാറാക്കിയ കമ്മിറ്റിയിലെ മറ്റൊരാളുടെയും ചിത്രം ഇത്തരത്തിൽ അവിടെ പ്രദർശിപ്പിച്ചിട്ടില്ല.
കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ ജനറൽ സെക്രട്ടറിയായിരുന്ന ഹാരി പൊള്ളിറ്റ് ശിപാർശ ചെയ്തിട്ടാണ് ഡോ. പി.ജെ. തോമസിനെ കേരളത്തിലെ ആദ്യ ഇ.എം.എസ്. സർക്കാർ രാജ്യസഭയിലേക്ക് അയച്ചതെന്നും മേരി മോനി ചാണ്ടി പറഞ്ഞു.
രാജ്യസഭയിൽ അദ്ദേഹം നടത്തിയ പ്രസംഗങ്ങളുടെ വൈവിധ്യവും ആഴവും വിസ്മയകരമാണ്. താൻ അവയെല്ലാം നേരിട്ടു പരിശോധിച്ചിട്ടുണ്ട്. ഓക്സ്ഫഡിൽ പഠിക്കുന്ന കാലത്ത് അവധി ദിവസങ്ങളിൽ സ്ഥിരമായി ഷേക്സ്പിയർ ഹട്ട് സന്ദർശിക്കുകയും അവിടെ ഒത്തുകൂടുന്ന ലോകപ്രശസ്ത ചിന്തകരുമായി സംവദിക്കുകയും ചെയ്തിരുന്നത് അദ്ദേഹത്തിൽ വലിയ സ്വാധീനം ചെലുത്തിയെന്ന് ഡയറിക്കുറിപ്പുകളിൽനിന്നു വ്യക്തമാണ്.
ദീപികയിൽ ധാരാളം ലേഖനങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്. ഇന്ത്യൻ കാർഷികമേഖലയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ വിവരണാതീതമാണ്. കാർഷികമേഖലയെക്കുറിച്ചു പഠിക്കാൻ നൂറുകണക്കിനു ഗ്രാമങ്ങളിൽ കാൽനടയായി അദ്ദേഹം സഞ്ചരിച്ചിട്ടുണ്ടെന്നും മേരി മോനി ചാണ്ടി പറഞ്ഞു.
തികഞ്ഞ ദൈവവിശ്വാസിയും സഭാസ്നേഹിയുമായിരുന്ന ഡോ. തോമസ് തന്റെ നിരവധി സ്വത്തുക്കൾ പള്ളിക്കും സഭാ സ്ഥാപനങ്ങൾക്കും ദാനം ചെയ്തിട്ടുണ്ട്. കത്തോലിക്കാ സഭ ഷെവലിയർ ബഹുമതി നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. കർദിനാൾ യൂജിൻ ടിസറാങ്ങാണ് 1953ൽ ഷെവലിയർ ബഹുമതി സമ്മാനിച്ചത്.
ഇക്കണോമിക്സ് അധ്യാപികയായ മേരി മോനി ചാണ്ടി ഇപ്പോൾ ഭർത്താവ് മേജർജനറൽ മോനി ചാണ്ടിക്കൊപ്പം ബംഗളൂരുവിലാണ് താമസം. ഇന്ന് ആലുവയിൽ നടക്കുന്ന ഡോ. പി.ജെ. തോമസ് അനുസ്മരണത്തിൽ പങ്കെടുക്കാൻ എത്തുന്നുണ്ട്.
ഇന്ത്യൻ സൈന്യത്തിൽ മേജർജനറൽ പദവിയിൽനിന്നു വിരമിച്ച മോനി ചാണ്ടി യുഎന്നിൽ രണ്ടു തവണ സേവനമനുഷ്ഠിച്ചിരുന്നു. ഡോ. പി.ജെ. തോമസിന്റെ മൂത്ത മകൾ ആലീസിന്റെ മകളാണ് മേരി. ആലീസിനെ കൂടാതെ റോസമ്മ, പി.ടി. ജോസ് എന്നിവരാണ് പി.ജെ. തോമസിന്റെ മക്കൾ.